പള്ളികളില്‍ മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടാനാവില്ല: സുപ്രിംകോടതി
തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി. മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. ശവസംസ്‌ക്കാരത്തിന് എതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമായ ഭാഗം ഉണ്ടാക്കുകയല്ല അവകാശ തര്‍ക്കത്തില്‍ പുറപ്പെടുവിച്ച വിധിയുടെ ഉദ്ദേശം.
തങ്ങള്‍ക്കനുകൂലമായ വിധി നടപ്പാക്കിയില്ലെന്നുകാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ഓര്‍ഡിനന്‍സ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിഷയമായത്. മൃതദേഹം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിന്‍സിനെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗം നേരത്തേ രംഗത്തെത്തിയിരുന്നു.
ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് അവര്‍ ഗവര്‍ണര്‍ക്ക് നിവേദനവും നല്കി. ഗവര്‍ണര്‍ ഒപ്പിട്ട് ഓര്‍ഡിനന്‍സ് ഇറങ്ങിയതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. വിധി പള്ളികളുടെ ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഏത് വൈദികനാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നത് എന്നത് കോടതിയുടെ വിഷയമല്ല. മൃതദേഹങ്ങളോട് ആദരവ് കാണിക്കണമെന്നത് നിര്‍ബന്ധമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പറഞ്ഞു.
കൂടുതല്‍ വാശി ഇക്കാര്യത്തില്‍ കാണിച്ചാല്‍ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി തള്ളുമെന്നും ബെഞ്ച് താക്കീത് നല്കി. പള്ളിത്തര്‍ക്കത്തില്‍ അമ്പത് ശതമാനം പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ബാക്കിയുള്ള പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഓര്‍ത്തഡോക്‌സ് സഭയോട് ജസ്റ്റീസ് അരുണ്‍ മിശ്ര വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here