കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവാവ് വിചാരണ സമയത്ത് കോടതിയിൽ വെച്ച് കഞ്ചാവു വലിച്ചു; വീണ്ടും അറസ്റ്റ്

കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവാവ് വിചാരണ സമയത്ത് കോടതിയിൽ വെച്ച് കഞ്ചാവു വലിച്ചതിന് വീണ്ടും അറസ്റ്റിലായി. അമേരിക്കയിലെ ടെന്നസി സ്വദേശിയായ സ്പെൻസർ ബോസ്റ്റൺ എന്ന 20കാരനാണ് അറസ്റ്റിലായത്. ടെന്നസിയിലെ വിൽസൺ കൗണ്ടിയിലുള്ള കോടതിയിൽ വെച്ചാണ് സംഭവം.
നിസാരമായ കഞ്ചാവ് കേസിൽ അറസ്റ്റിലായതാണ് ബോസ്റ്റൺ. ജഡ്ജി വിചാരണ ചെയ്തതിനെത്തുടർന്ന് ഇയാൾ താനെങ്ങനെ അറസ്റ്റിലായി എന്ന് വിശദീകരിക്കുകയായിരുന്നു. കഞ്ചാവ് എന്തുകൊണ്ട് നിയമവിധേയമാക്കണമെന്നും ബോസ്റ്റൺ വിശദീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ തൻ്റെ പോക്കറ്റിൽ കയ്യിട്ട് ഒരു കഞ്ചാവ് സിഗരറ്റ് പുറത്തെടുത്ത ബോസ്റ്റൺ അവിടെ വെച്ചു തന്നെ അതിനു തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് പോകുന്നതിനിടെ ‘ജനങ്ങൾ മെച്ചപ്പെട്ടത് അർഹിക്കുന്നുണ്ട്’ എന്ന് ബോസ്റ്റൺ അലമുറയിടുകയും ചെയ്തു.
സംഭവത്തിൽ 10 ദിവസത്തെ ജയിൽ ശിക്ഷയാണ് ബോസ്റ്റണു ലഭിച്ചത്. 20 വർഷമായി പൊലീസായി ജോലി ചെയ്യുന്ന താൻ ഇതുവരെ ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടില്ലെന്ന് ബോസ്റ്റണെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജഡ്ജിയുടെ മുന്നിൽ നിൽക്കുമ്പോൾ നമ്മൾ ബഹുമാനം കാത്തു സൂക്ഷിക്കുമെന്നും എന്നാൽ ബോസ്റ്റൺ തീരെ ബഹുമാനം നൽകിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Story Highlights: Marijuvana, Arrest, court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here