Advertisement

കൊറോണ; രോഗികളെ ഡല്‍ഹിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല; മികച്ച ചികിത്സ കേരളത്തില്‍ നല്‍കും: ആരോഗ്യമന്ത്രി  

February 2, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നവരെ ഡല്‍ഹിയിലേക്കോ മറ്റോ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇവര്‍ക്കെല്ലാം മികച്ച ഐസൊലേഷന്‍ ചികിത്സയാണ് നല്‍കുന്നത്. ആരോഗ്യ വകുപ്പ് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്താന്‍ എയര്‍പോര്‍ട്ടിലും മികച്ച സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്ന് വന്നവരെ ശത്രുതയോടെ കാണരുത്. പോസിറ്റീവായാല്‍ പോലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. കൂടുതല്‍ ആളുകള്‍ക്ക് രോഗം പകരാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ രണ്ടാമത്തെ കൊറോണ വൈറസ് കേസും സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സമിതിക്ക് രൂപം നല്‍കി.

ചൈനയില്‍ നിന്നെത്തിയ മൂന്ന് പേരില്‍ ഒരാള്‍ക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ടാമത്തെ കൊറോണ കേസിന്റെ വിശദമായ പരിശോധന റിപ്പോര്‍ട്ട് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ചു. രോഗി ആലപ്പുഴ മെഡിക്കല്‍ കോളജിലെ  ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇതിനിടെ അടിയന്തിര സാഹചര്യം നേരിടുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. ആലപ്പുഴ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കൊറോണ സര്‍വൈലന്‍സ് കമ്മിറ്റി രൂപീകരിച്ചു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ രത്തന്‍ കേല്‍ക്കറിനാണ് ഏകോപനച്ചുമതല. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കും. ആലപ്പുഴയില്‍ മൂന്ന് പേര്‍ കൂടി നിലവില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. ഇവരുടെ സാമ്പിളുകളുടെ ഫലം നാളെ വരും. 128 പേര്‍ ജില്ലയിലാകെ നിരീക്ഷണത്തിലാണ്. ഇന്ന് മുതല്‍ ആലപ്പുഴയില്‍ തന്നെ സാമ്പിളുകള്‍ പരിശോധിക്കാന്‍ സജ്ജീകരണം ഒരുക്കി കഴിഞ്ഞു. കൊറോണ വൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ കേരളത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു.

Story Highlights: coronavirus, Corona virus infection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here