Advertisement

കളിക്കാർക്ക് തുടർച്ചയായി പരുക്കു പറ്റുന്നു; ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂളിനെ വിമർശിച്ച് ആകാശ് ചോപ്ര

February 4, 2020
6 minutes Read

കളിക്കാർക്ക് തുടർച്ചയായി പരുക്കു പറ്റുന്നത് ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂൾ ആണെന്ന വിമർശനവുമായി മുൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. നേരത്തെ, ഇന്ത്യൻ നായകൻ വിരാട് കോലിയും ലോകേഷ് രാഹുലും ഇന്ത്യയുടെ തിരക്കു പിടിച്ച ഷെഡ്യൂളിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആകാശ് ചോപ്ര ബിസിസിഐയെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിമർശിച്ചത്.

ഹർദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, ശിഖർ ധവാൻ തുടങ്ങിയ ഇന്ത്യയുടെ അഞ്ചു നിര്‍ണായക താരങ്ങള്‍ക്കാണ് കഴിഞ്ഞ 8-10 മാസത്തിനിടെ പരുക്കേറ്റത്. ഇവർക്ക് പരുക്ക് പറ്റാനുള്ള കാരണം മത്സരങ്ങളുടെ ആധിക്യം തന്നെയാണെന്ന് ചോപ്ര പറയുന്നു. ഇപ്പോൾ ഇന്ത്യ കണക്കിൽ കൂടുതൽ മത്സരങ്ങൾ കളിക്കുന്നില്ലേ എന്നും ചോപ്ര ചോദിക്കുന്നു.

നേരത്തെ വിരാട് കോലിയും ലോകേഷ് രാഹുലും ഇന്ത്യയുടെ ബിസി ഷെഡ്യൂളിനെ വിമർശിച്ചിരുന്നു. കളിക്കാർ ഒരു പരമ്പര പൂർത്തിയാക്കി വിമാനത്തിൽ അവിടെ നിന്ന് അടുത്ത പരമ്പരക്കായി പുറപ്പെടുന്ന കാര്യം ഏറെ ദൂരത്തിൽ അല്ലെന്നായിരുന്നു കോലിയുടെ വിമർശനം. ഭാവിയിൽ മത്സരക്രമം തീരുമാനിക്കുമ്പോൾ അല്പം കൂടി സമയം പരമ്പരകൾക്കിടയിൽ അനുവദിക്കണമെന്നും കോലി പറഞ്ഞിരുന്നു. ഈ പരാമർശം ബിസിസിഐയുടെ അപ്രീതിക്കും കാരണമായി.

ഒരുപാട് മത്സരങ്ങൾ കളിക്കുന്നത് ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നായിരുന്നു രാഹുലിൻ്റെ പരാമർശം. അതുകൊണ്ട് തന്നെ മാനസികമായും ശരീരികമായും കരുത്തരായിരിക്കാനും മികച്ച പ്രകടനം കാഴ്ച വെക്കാനും തങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് എന്നും രാഹുൽ പറഞ്ഞു.

ജനുവരി 10നാണ് നാട്ടിൽ നടന്ന ശ്രീലങ്കൻ ടി-20 പരമ്പര അവസാനിച്ചത്. തുടർന്ന് 14ന് ഓസീസ് പരമ്പര ആരംഭിച്ചു. 19ന് ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പര അവസാനിച്ചു. ജനുവരി 24ന് ന്യൂസിലൻഡിൽ ടി-20 പരമ്പര ആരംഭിച്ചു. ഫെബ്രുവരി 2നാണ് പരമ്പര അവസാനിച്ചത്. അഞ്ചിന് പര്യടനത്തിലെ ഏകദിന പരമ്പരയും 21ന് ടെസ്റ്റ് പരമ്പരയും ആരംഭിക്കും. മാർച്ച് നാലിനാണ് പര്യടനം അവസാനിക്കുക. തുടർന്ന് മാർച്ച് 12ന് നാട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കും.

Story Highlights: Aakash Chopra, BCCI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top