Advertisement

മുത്തൂറ്റ് തൊഴില്‍ തര്‍ക്കം: മാനേജ്‌മെന്റ് നിലപാട് അംഗീകരിക്കില്ലെന്ന് തൊഴില്‍ മന്ത്രി

February 6, 2020
Google News 1 minute Read

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിനു തയാറാകുന്നില്ലെങ്കില്‍ പ്രശ്‌നപരിഹാരത്തിന് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.

ഈ വിഷയത്തില്‍ മാനേജ്‌മെന്റ് സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. മാനേജ്‌മെന്റിന്റെ നിഷേധാത്മക സമീപനമാണു പ്രശ്‌ന പരിഹാരത്തിനു തടസം. മുത്തൂറ്റ് സമരം ഒത്തുതീര്‍പ്പാക്കുന്നതിനു ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ നിര്‍ദേശങ്ങളും കരാറുകളും ലംഘിക്കുന്ന സമീപനമാണു മാനേജ്‌മെന്റ് സ്വീകരിച്ചിട്ടുള്ളത്. ഒക്ടോബര്‍ പത്തിന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ത്രികക്ഷി കരാര്‍ ലംഘിച്ച് ഏകപക്ഷീയമായി ജീവനക്കാരെ പിരിച്ചുവിടുകയും ബ്രാഞ്ചുകള്‍ പൂട്ടുകയുമാണ് മാനേജ്‌മെന്റ് ചെയ്തത്.

ഇതിനെതിരേ നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് അസോസിയേഷന്‍ (സിഐടിയു) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇരു കക്ഷികളേയും ചര്‍ച്ചയ്ക്കു ക്ഷണിച്ചെങ്കിലും ബ്രാഞ്ചുകള്‍ പൂട്ടുന്ന കാര്യത്തിലും തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യത്തിലും പിന്നോട്ടില്ലെന്ന നിലപാടാണ് യോഗത്തില്‍ മാനേജ്‌മെന്റ് സ്വീകരിച്ചത്. തുടര്‍ന്നു തൊഴില്‍ മന്ത്രിയെന്ന നിലയിലും യോഗം ചേര്‍ന്നു.

ത്രികക്ഷി കരാറിലെ വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചതായും ഇതു നീതിയുക്തമല്ലെന്നും യോഗം വിലയിരുത്തി. 166 തൊഴിലാളികളെ പിരിച്ചുവിട്ടതു സംബന്ധിച്ച് മുത്തൂറ്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. സമരം തുടരുന്ന സാഹചര്യത്തില്‍, ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ലേബര്‍ കമ്മീഷണര്‍ പ്രശ്‌ന പരിഹാരത്തിനു യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. പിരിച്ചുവിട്ട ജീവനക്കാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് 29ന് ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights: t p ramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here