ബജറ്റില്‍ കെ എം മാണി പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ച് കോടി രൂപ ; യുഡിഎഫില്‍ ആശങ്ക

കുട്ടനാട് നിയമസഭാ മണ്ഡലത്തിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ എം മാണി പഠന ഗവേഷണ കേന്ദ്രത്തിന് ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചതിന് പിന്നില്‍ രാഷ്ട്രീയ മാനമുണ്ടോ എന്നന്വേഷിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. കുട്ടനാട് സീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി പക്ഷത്തിന് പുതിയ പ്രഖ്യാപനം സഹായകമാവും.

ഇത്തരമൊരു പ്രഖ്യാപനം തോമസ് ഐസക്ക് നടത്തുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചതല്ല. പാലായില്‍ കെ എം മാണി പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ച് കോടി രൂപ എന്ന പ്രഖ്യാപനത്തിന് കയ്യടി മുഴുവന്‍ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്നായിരുന്നു. പിന്നാലെ സര്‍ക്കാരിനെ അഭിനന്ദിച്ച് ജോസ് കെ മാണിയുടെ പ്രസ്താവനയുമെത്തി. പാലായില്‍ കെ എം മാണി പഠന ഗവേഷണ കേന്ദ്രത്തിന് 5 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി ജനുവരി 24 നാണ് കത്ത് നല്‍കിയത്. ആവശ്യം തോമസ് ഐസക് അതേപടി അംഗീകരിച്ചു. പാലായിലെ തോല്‍വിയെ തുടര്‍ന്ന് യുഡിഎഫ് നേതൃത്വത്തോട് നീരസത്തിലുള്ള ജോസ് കെ മാണി വിഭാഗം കുട്ടനാടിനായി സമ്മര്‍ദം ശക്തമാക്കി വരികയാണ്. കുട്ടനാട് സീറ്റ് തനിക്ക് അവകാശപ്പെട്ടതെന്ന നിലപാടിലാണ് പി ജെ ജോസഫ് .

കുട്ടനാട് ഇടതുമുന്നണിയാകട്ടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ കുട്ടനാടിനായി പിടിമുറുക്കുന്നതിനിടെയാണ് ജോസ് പക്ഷത്തിന് ബജറ്റിലൂടെ സര്‍ക്കാരിന്റെ പരിഗണന. മുന്നണി വിട്ട് വരാന്‍ ജോസ് കെ മാണി പക്ഷത്തിനുള്ള ക്ഷണമായി ബജറ്റ് പ്രഖ്യാപനത്തെ കാണുന്നവരുമുണ്ട്. പ്രഖ്യാപനം എല്‍ഡിഎഫില്‍ ആഹ്ലാദമുയര്‍ത്തിയപ്പോള്‍ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്.

Story Highlights- 5 crore, km mani study and research center, concerns in udf
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top