ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പ്; സെമി ഫൈനൽ പോരാട്ടം ഇന്ന്

കൊല്ലത്ത് നടക്കുന്ന ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ സായി-മധ്യപ്രദേശ് ഹോക്കി അക്കാദമിയേയും ഹരിയാന-മഹാരാഷ്ട്ര യേയും നേരിടും. നാളെയാണ് കലാശ പോരാട്ടം. മഹാരാഷ്ട്രയുടെ റിതുജ പിസാലാണ് ടൂർണമെന്റിലെ ഗോൾ നേട്ടക്കാരികളിൽ ഒന്നാമതുള്ളത്. നാളെ വൈകിട്ട് 4നാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം നടക്കുക. നാളെ ഉച്ചയ്ക്ക് 2 ന് ലൂസേഴ്‌സ് ഫൈനലും നടക്കും.

കേരളമുൾപ്പടെ വമ്പൻമാർ മാറ്റുരച്ച എ ഡിവിഷനിലെ ആദ്യ സെമിയിൽ സായി – മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യ സെമിഫൈനൽ. രണ്ടാം സെമിയിൽ ഹരിയാനയ്ക്ക് മഹാരാഷ്ട്രയാണ് എതിരാളി. വൈകീട്ട് നാലിനാണ് രണ്ടാം സെമിഫൈനൽ. ടൂർണമെന്റിൽ നിലവിലെ വെങ്കലമെഡൽ ജേതാക്കളാണ് ഹരിയാന. ടൂർണമെന്റിലെ റണ്ണേഴ്സപ്പ് കൂടിയായ മധ്യപ്രദേശിനെ ആദ്യ ക്വാർട്ടർ ഫൈനലിൽ കീഴടക്കിയാണ് സായിയുടെ സെമിപ്രവേശം. സായി ഇതാദ്യമായാണ് സെമിയിൽ കടക്കുന്നത്. നിശ്ചിതസമയത്ത് ഇരുടീമുകളും 2-2ന് തുല്യത പാലിച്ചതിനെ തുടർന്ന് നടന്ന പെനാൽട്ടി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സായിയുടെ ജയം. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്. ഇത് നാലാം തവണയാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തുന്നത്. ഒഡീഷയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഹരിയാനയുടെ സെമി പ്രവേശം. അവസാന ക്വാർട്ടർ ഫൈനലിൽ ജാർഖണ്ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മഹാരാഷ്ട്ര തോൽപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top