വൃക്ക രോഗം ബാധിച്ച പെണ്‍കുട്ടി സഹായം തേടുന്നു; ചികിത്സയ്ക്ക് പണമില്ലാതെ കുടുംബം

വൃക്ക രോഗം മൂലം ജീവിതം വഴിമുട്ടിയ പെൺകുട്ടി സുമനസുകളുടെ സഹായം തേടുന്നു. ഈ വരുന്ന മെയ് പത്തിനായിരുന്നു കൊല്ലം പട്ടത്താനത്തെ അനീഷയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അച്ഛന്റെ കൈ പിടിച്ച് വിവാഹ മണ്ഡപത്തിലേക്ക് പോകുന്നത് സ്വപ്നം കണ്ടിരുന്ന പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് അനീഷയുടെ കാലിൽ നീര് കണ്ടുതുടങ്ങിയത്. ആദ്യം അത് കാര്യമാക്കിയില്ല. പിന്നാലെ ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളുമുണ്ടായി. ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇരുവൃക്കകളും ചുരുങ്ങി ഗുരുതരാവസ്ഥയിലാണ് താനെന്ന് അനീഷ തിരിച്ചറിയുന്നത്. 23 കാരിയായ അനീഷയ്ക്ക് രണ്ട് മാസത്തിനുള്ളിൽ വൃക്ക മാറ്റി വെച്ചാൽ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചുവരവ് സാധ്യമാകൂ. അതിനായി 20 ലക്ഷത്തിലധികം രൂപ ചെലവ് വരും.

കൂലിപ്പണിക്കാരനായ അച്ഛന്റേയും അനീഷയുടെയും വരുമാനത്തിൽ ആയിരുന്നു ഇത്രയും കാലം കുടുംബം മുന്നോട്ട് പോയത്. രോഗം ബാധിച്ചതോടെ അനീഷക്ക് ഫിനാൻസ് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജോലിക്ക് പോകാൻ കഴിയാതെയായി. ആശുപത്രികൾ കയറി ഇറങ്ങുന്നതിനാൽ അച്ഛൻ അനിൽ കുമാറിനും ഇപ്പോൾ ജോലി ഇല്ല. വൃക്ക രോഗമാണെന്ന് അറിഞ്ഞതോടെ ഉറപ്പിച്ച വിവാഹവും മുടങ്ങി. രോഗവിവരം അന്വേഷിക്കാൻ പോലും അവർ ഇപ്പോൾ വിളിക്കാറില്ല. ആകെയുള്ള വീട് വിറ്റാൽ പോലും ചികിത്സയ്ക്ക് പണം തികയാത്ത അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് അച്ഛനും അമ്മയും അനിയനും അനിഷയും അടങ്ങുന്ന കുടുംബം.

സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക,

ഷേർലി കെ
ഫോൺ നമ്പർ: 8891777139
അക്കൗണ്ട് നമ്പർ: 3409023933
ഐഎഫ്എസ്‌സി കോഡ്: CBIN0281172
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
കടപ്പാക്കട

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top