മതാചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ

മതാചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന നിലപാടുമായി കേന്ദ്രസർക്കാർ. ക്രിമിനൽ സ്വഭാവമില്ലാത്ത ആചാരങ്ങളിൽ കോടതി ഇടപെടേണ്ടതില്ല. ശബരിമല അടക്കം വിശ്വാസ വിഷയങ്ങളുമായി ബന്ധപ്പെട്ട ഒൻപതംഗ ബെഞ്ചിൽ നാളെ നിലപാട് അറിയിക്കും.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ഒൻപത് അംഗ വിശാല ബെഞ്ച് നാളെ മുതലാണ് വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട ഏഴ് പരിഗണനാ വിഷയങ്ങളിൽ വാദംകേൾക്കൽ ആരംഭിക്കുന്നത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്രസർക്കാരിന്റെ നിലപാട് അറിയിക്കും. മതാചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ല. ഭരണഘടനാ ധാർമികത കോടതി വ്യാഖ്യാനിക്കണം. ഹിന്ദു വിഭാഗത്തിന്റെ അർത്ഥമെന്ത് എന്ന ചോദ്യത്തിലും സോളിസിറ്റർ ജനറൽ നിലപാട് വ്യക്തമാക്കിയേക്കും.
ശബരിമല യുവതി പ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്‌സികളുടെ ഫയർ ടെമ്പിളിലും സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറാ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമം എന്നിവയുമായി ബന്ധപ്പെട്ട തീർപ്പിന് ഏറെ നിർണായകമാകുന്ന പരിഗണനാവിഷയങ്ങളാണ് സുപ്രിംകോടതി ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്നത്. മാരത്തോൺ വാദം നടത്തി രണ്ടാഴ്ച കൊണ്ട് നടപടികൾ പൂർത്തിയാക്കി വിധി പറയാൻ മാറ്റാനാണ് കോടതിയുടെ ശ്രമം.
Story highlight: religious practices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here