ശബരിമല തിരുവാഭരണ തർക്കം; ഡൽഹിയിൽ ചേർന്ന യോഗം സമവായത്തിലെത്തിയില്ല

പന്തളം രാജകുടുംബത്തിലെ തർക്കം പരിഹരിക്കാൻ ഡൽഹിയിൽ ചേർന്ന യോഗത്തിൽ സമവായമില്ല. സുപ്രിംകോടതിയിലെ അറ്റോർണി ജനറലിന്റെ ചേംബറിലായിരുന്നു യോഗം. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് വ്യക്തമാക്കിയില്ല.

സുപ്രിംകോടതിയുടെ അഭ്യർത്ഥനയെ തുടർന്നാണ് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ മധ്യസ്ഥനായത്. രേവതി നാൾ രാമവർമ രാജ വിഭാഗത്തിന്റെയും ആർആർ വർമ വിഭാഗത്തിന്റെയും അഭിഭാഷകർ രാജകുടുംബത്തിലെ തർക്കവിഷയങ്ങൾ വിവരിച്ചു. തിരുവാഭരണം സുരക്ഷിത കരങ്ങളിൽ അല്ലെന്ന നിലപാടാണ് ആർആർ വർമ വിഭാഗം സ്വീകരിച്ചത്. അടുത്ത മാസം ഒന്നിന് പന്തളത്ത് ചേരുന്ന നിർവാഹകസംഘം തിരുവാഭരണത്തിന്റെ സുരക്ഷയും സുപ്രിംകോടതി നടപടികളും ചർച്ച ചെയ്യും.

തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ കോടതി നിയോഗിച്ച റിട്ടേർഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ അടുത്ത വെള്ളിയാഴ്ച പന്തളത്ത് എത്തുന്ന കാര്യവും അഭിഭാഷകർ യോഗത്തെ അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട നിയമത്തിന്റെ അവസാന നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ, പന്തളം രാജകുടുംബത്തിലെ തർക്കത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് അറിയിച്ചില്ല. ഒന്നര മണിക്കൂർ നീണ്ട മധ്യസ്ഥ ചർച്ചയിൽ സമവായത്തിന്റെ വഴിയിൽ ഇരുകൂട്ടരുമെത്തിയില്ല. ചർച്ചയിലെ വിവരങ്ങൾ എ.ജി കോടതിയെ അറിയിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top