വിനോദവും സംഗീതവും വിരുന്നെത്തി; ശ്രദ്ധേയമായി ബഹ്‌റൈൻ ‘കൗബോയ്’ കാർണിവൽ

പ്രമേയം കൊണ്ട് ശ്രദ്ധേയമായി ഇത്തവണത്തെ ബഹ്‌റൈൻ കാർണിവൽ. കൗബോയ് സ്‌റ്റൈലിലുള്ള കാർണിവലാണ് ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഒരുക്കിയിരിക്കുന്നത്. വിനോദവും സംഗീതവും ഒപ്പം വ്യത്യസ്ത ഭക്ഷണങ്ങളും ചേർന്നതോടെ ബഹ്‌റൈൻകാർ ആവേശത്തിലാണ്. നേരമ്പോക്കുകൾക്കപ്പുറം ഒത്തുചേരൽ കൂടിയാണ് ഈ കാർണിവൽ.

ബഹ്‌റൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവൻടോപ് എന്ന കമ്പനിയാണ് കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്. പൂർണ പിന്തുണയുമായി ബഹ്‌റൈൻ സർക്കാരുമുണ്ട്. മറ്റ് കാർണിവലുകളെ അപേക്ഷിച്ച് പ്രമേയമാണ് ഇവിടെ വ്യത്യസ്തമാകുന്നത്. കൗബോയ് തൊപ്പി ധരിച്ചാണ് ഭൂരിഭാഗം ആളുകളും ഇവിടെയെത്തുന്നത്. സംഘാടകരും അങ്ങനെ തന്നെ. വിനോദത്തിന് വേണ്ടി പല മത്സരങ്ങളും കളികളും സംഘടിപ്പിക്കുന്നുണ്ട്. കുതിര സവാരിയാണ് ശ്രദ്ധേയമായ ഒന്ന്. ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഇവിടെ കാണാം. ബിസിനസിലും സംഗീതത്തിലും മറ്റ് ഏത് മേഖലകളിലുമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഈ കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ പറയുന്നു. എല്ലാ വർഷവും കാർണിവൽ സംഘടിപ്പിക്കുന്നുണ്ട്. ഒരോ വർഷവും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ജനങ്ങളെ ഒരുമിപ്പിക്കുന്നതിന് കൂടിയാണ് കാർണിവലെന്നും ബന്ധപ്പെട്ടവർ പറയുന്നു.

വയലിനും ഗിത്താറും ഉൾപ്പെടെയുള്ളവയുമായി സംഗീതത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്ന് നിരവധി പേരെ ഇവിടെ കാണാം. ആസ്വാദകർക്കായി സംഗീതവും കളികളും മാത്രമല്ല, വ്യത്യസ്ത ഭക്ഷണങ്ങളുടെ മറ്റൊരു ലോകം കൂടിയുണ്ടിവിടെ. പലതരത്തിലുള്ള ഭക്ഷണങ്ങൾ ഭക്ഷണപ്രിയരെ മാത്രമല്ല കാർണിവലിനെത്തുന്ന ഓരോ ആളുകളേയും ആകർഷിക്കുന്നുണ്ട്. പല രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒത്തു കൂടാനുള്ള വേദികൂടിയാണ് ഇവൻടോപ് ഒരുക്കിയിരിക്കുന്ന ഈ കാർണിവൽ. ഇൻസ്റ്റഗ്രാമിലൂടെ കാർണിവലിന്റെ വിശേഷങ്ങൾ സംഘാടകർ ജനങ്ങൾക്കായി പങ്കുവയ്ക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top