ട്രാന്‍സ് സിനിമ കണ്ട് ചില രോഗികള്‍ മരുന്നുകള്‍ നിര്‍ത്തി എന്നത് നിര്‍ഭാഗ്യകരം; ഡോ. രാജീവ് ജയദേവന്റെ കുറിപ്പ് വൈറല്‍

അടുത്തിടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഫഹദ് ഫാസില്‍ അഭിനയിച്ച ട്രാന്‍സ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഡോ. രാജീവ് ജയദേവന്‍ എഴുതിയിരിക്കുന്ന കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പ്

ഇത്ര ഹൃദ്യമായ ഒരു മലയാള സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ശക്തമായ പ്രമേയവും ആത്മാവുള്ള കഥാപാത്രങ്ങളും ഫഹദ് എന്ന നടന്റെ അഭിനയമികവും ഇതില്‍ കാണാന്‍ കഴിഞ്ഞു. സൗബിന്റെ കിടിലന്‍ ഇന്‍ട്രോ സീന്‍ അടങ്ങുന്ന ഇന്റര്‍വെല്‍ ആയപ്പോഴേ തന്നെ കൈയടിച്ചു പോയി. സിനിമയിലെ അനേകം ഹൃദയസ്പര്‍ശിയായ സീനുകളില്‍ മൂന്നെണ്ണത്തില്‍ സൗബിന്‍ പ്രത്യക്ഷപ്പെടുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ ശരീര ഭാഷയും ശൈലിയും ഒരു സ്‌പോഞ്ചുപോലെ ഒപ്പിയെടുക്കാന്‍ ഈ നടനു കഴിഞ്ഞിട്ടുണ്ട്.

പശ്ചാത്തല സംഗീതം പുതുമകള്‍ നിറഞ്ഞതും മൂന്നു മണിക്കൂറോളം നീളുന്ന ചിത്രത്തിന്റെ ഒഴുക്കിനെ പരിപോഷിപ്പിക്കുന്നതും ആണെന്നു കാണാം. മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത, ഹോളിവുഡ് സിനിമകളിലെ പോലെ ട്രാക്കുകളുടെ ശകലങ്ങള്‍ മാത്രമേ സിനിമയില്‍ കേള്‍ക്കാന്‍ കഴിയൂ എന്നുള്ളതുമാണ്.

പടം ബബിള്‍ ഗം പോലെ വലിച്ചു നീട്ടി പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാതെ ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും എന്ന് ചിത്രം കാട്ടിത്തരുന്നു. ഒരു ശരാശരി ഹോളിവുഡ് സിനിമയില്‍ രണ്ടു ഡസന്‍ പാട്ടെങ്കിലും ഉണ്ടാവും, എന്നാല്‍ പടം കാണുമ്പോള്‍ നമുക്കതു ഫീല്‍ ചെയ്യുകയില്ല. അവര്‍ പാട്ടിന്റെ ശകലങ്ങള്‍ പശ്ചാത്തല സംഗീതത്തില്‍ ലയിപ്പിക്കുന്നതു കൊണ്ടാണിത്. ജോക്കര്‍, കില്‍ ബില്‍, ജോണ്‍ വിക്ക് മുതലായ സിനിമകളുടെ ട്രാക്കുകള്‍ അതിഗംഭീരമാണ്.

‘നൂലു പൊട്ടിയ’ എന്ന ട്രാന്‍സ് ഗണത്തില്‍ ഒരുക്കിയ ടൈറ്റില്‍ ട്രാക്ക് മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യം. റേഡിയോവില്‍ ആദ്യം കേട്ടപ്പോഴേ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു, ഏതു പടമാണെന്ന് അന്വേഷിച്ചു, ഫോളോ ചെയ്തു.

ഒരുപാടാളുകള്‍ ഉള്‍പ്പെടുന്ന നാടകീയ രംഗങ്ങള്‍ തെല്ലും ബോറടി വരുത്താതെ ഒരുക്കാന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും എന്നോര്‍ത്തു പോകുന്നു. ഒരു വാഹനാപകട രംഗം അതീവ സാങ്കേതിക മികവോടു കൂടി ഒരുക്കിയത് മലയാള സിനിമയില്‍ ഒരു നാഴികക്കല്ലു തന്നെ.

ആത്മഹത്യാ പ്രവണതയുള്ള ഒരാളുടെ കൂടെ മറുനാട്ടില്‍, സഹായിക്കാന്‍ ഒരാളു പോലുമില്ലാതെ ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ അനിശ്ചിതത്വവും കൊടും ഭീകരതയും (horror) അപൂര്‍വമായി മാത്രം ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു ട്രാന്‍സില്‍. മനോരോഗിയായ അനുജനെ പേടിച്ച് വീട്ടിലുള്ള ചുറ്റികയും പിച്ചാത്തിയും ഫഹദ് തന്ത്രപൂര്‍വം ഒളിപ്പിച്ചു വയ്ക്കുന്ന ആ രംഗം, ചിലര്‍ക്ക് വെറും തമാശയായി തോന്നാമെങ്കിലും അനുഭവിച്ചിട്ടുള്ളവര്‍ക്ക് അതു നന്നായി മനസില്‍ തട്ടും.

എനിക്കേറെ പ്രിയപ്പെട്ട ആംസ്റ്റര്‍ഡാം നഗരത്തില്‍ ചിത്രീകരിച്ച ക്ലൈമാക്‌സ്, പടത്തെ ഒരു പടി മുകളിലേക്കെത്തിച്ചു എന്നും പറയാതെ വയ്യ. ഫഹദിന്റെ കഥാപാത്രത്തിന്റെ സൃഷ്ടിയില്‍ എത്ര ഹോംവര്‍ക്ക് ചെയ്തു എന്നത് ആദ്യത്തെ അര മണിക്കൂറില്‍ തന്നെ പ്രേക്ഷകര്‍ക്ക് വ്യക്തമാവുന്നു. ഓരോ സീനും ഒരു ചിത്രകാരന്‍ വരച്ചുണ്ടാക്കുന്നതു പോലെ മെനഞ്ഞെടുത്തത്.

സിനിമ നല്‍കുന്ന സന്ദേശങ്ങളെ പറ്റി പല അഭിപ്രായങ്ങളും വായിച്ചു. സന്ദേശങ്ങള്‍ക്കു വേണ്ടി ഞാന്‍ സിനിമ ഒരിക്കലും കാണാറില്ല. എന്റെ രീതി സിനിമയെ ഒരു സദ്യ പോലെ കാണുക, ആസ്വദിക്കാന്‍ ശ്രമിക്കുക എന്നതാണ്. സദ്യയിലെ ഓരോ ഐറ്റവും നമുക്കിഷ്ടപ്പെടണം എന്നില്ലെങ്കിലും കഴിച്ചു കൈ കഴുകി ഇറങ്ങുമ്പോള്‍ സന്തോഷമായെങ്കില്‍ എനിക്കതു മതി.

ഈ സിനിമ കണ്ടു ചില രോഗികള്‍ സ്വയം മരുന്നുകള്‍ നിര്‍ത്തി എന്നത് നിര്‍ഭാഗ്യകരം തന്നെ. എന്നാല്‍, ഏതു രോഗത്തിന്റെയും ചികിത്സയെ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ സ്വയം ചെയ്യുന്നത് അപകടം വിളിച്ചു വരുത്താം എന്ന് സാമാന്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണല്ലോ.

അവനവന്റെ ചികിത്സയുടെ, ആരോഗ്യത്തിന്റെ ഉത്തരവാദിത്വം അവനവനു തന്നെയാണ്, ഡോക്ടര്‍ ഒരു ദിശാബോധം തരുന്ന ആള്‍ മാത്രം എന്ന് ഞാന്‍ വിശ്വസിക്കുന്നു. മാത്രവുമല്ല, മൊത്തത്തില്‍ നോക്കുമ്പോള്‍ ആരോഗ്യപരിപാലനം അധികാരികമല്ലാത്ത സ്രോതസില്‍ നിന്നും സ്വീകരിക്കുന്നത് ഉചിതമല്ല എന്നുള്ളതു തന്നെയാണ് പടത്തിന്റെ ഒരു പ്രധാന പ്രമേയം.

ആംസ്റ്റര്‍ഡാമിലേക്ക് ഫ്‌ളൈറ്റില്‍ പോകുന്നത് അപകടമാണ്, കടല്‍ വഴി നീന്തി പോകുന്നതാണ് നല്ലതെന്ന് ഇനി ഒരു പക്ഷേ വാട്‌സപ്പിലോ സിനിമയിലോ പറഞ്ഞു കേട്ടു എന്നും പറഞ്ഞ് ഇടം വലം നോക്കാതെ നാളെ ഒരാള്‍ കടലില്‍ ചാടിയാല്‍ ആര്‍ക്കാണ് അതിന്റെ ഉത്തരവാദിത്വം?

പണ്ട് സൂര്യപുത്രി കണ്ട ശേഷം പെണ്‍കുട്ടികള്‍ ഒളിച്ചോടിയതും, ഈയിടെ ദൃശ്യം കണ്ടാരോ കൊലപാതകം നടത്തിയതും, ഇതാ ഇപ്പോള്‍ ട്രാന്‍സ് കണ്ടു ചിലര്‍ സൈക്യട്രിക്ക് മരുന്നു നിര്‍ത്തിയതും അവരവരുടെ വിവരമില്ലായ്മ കാരണമാണ് അഥവാ stupidtiy മൂലമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മഹാനായ ഐന്‍സ്റ്റീന്‍ പണ്ടെഴുതിയത് ഓര്‍മ വരുന്നു. Two things are infinite: universe and human stupidtiy. തിലകന്‍ ഒരു സിനിമയില്‍ പറഞ്ഞതു പോലെ, ഇതിനു ചികിത്സയില്യാ.

ഇനി സിനിമ പിടിക്കുന്നവരോട് ഒരു വാക്ക്. മറ്റേതു കാര്യത്തെപ്പോലെയും തന്നെ ഒരു സിനിമ നന്നാവണമെങ്കിലും വേണ്ടതായ ഒരു സുപ്രധാന ഘടകമാണ്് meticulous hard work അഥവാ അശ്രാന്ത പരിശ്രമം. സിനിമയെടുക്കുന്ന ആളുടെ പേരിലും ബജറ്റിലുമല്ല, ഒരു ശരാശരി പ്രേക്ഷകന്റെ കണ്ണില്‍ കൂടി തന്റെ സിനിമ മുന്‍കൂട്ടി കാണാനുള്ള ബുദ്ധിയിലും അതിസൂക്ഷ്മായ പ്ലാനിങ്ങിലുമാണ് കാര്യം. കെ ജി ജോര്‍ജിന്റെ യവനിക (1982) കണ്ടു നോക്കണം പെര്‍ഫെക്ഷന്‍ എന്താണെന്നറിയണമെങ്കില്‍.

അനുകരണീയമായ, പുതുമയുള്ള, ഉദാത്തമായ film-making ഉടനീളം നിഴലിക്കുന്ന ഒരു തകര്‍പ്പന്‍ പടമാണ് ട്രാന്‍സ്. ഇനിയും ഇതുപോലെയുള്ള നല്ല നല്ല സിനിമകള്‍ ഉണ്ടാവട്ടെ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top