കലാപം മുൻകൂട്ടി തടയാൻ കഴിയില്ല; സുപ്രിം കോടതി

Supreme court judges imprisonment

കലാപം പോലുള്ള കാര്യങ്ങൾ മുൻകൂട്ടി തടയാൻ കോടതിക്ക് കഴിയില്ലെന്നും അധികാരങ്ങളിൽ പരിമിതിയുണ്ടെന്നും സുപ്രിം കോടതി. ഡൽഹി കലാപം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. ഹർജികൾ ബുധനാഴ്ച സുപ്രിം കോടതി പരിഗണിക്കും. കലാപങ്ങളിൽ ഡൽഹി ഹൈക്കോടതി, ഡൽഹി പൊലീസിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ആറാഴ്ചത്തേക്ക് ശേഷം മാറ്റിയെന്നും എല്ലാ ദിവസവും മരണനിരക്ക് വർധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ഹർഷ് മന്ദേറാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പ്രതികരണം ഇങ്ങനെ: ജനങ്ങൾ മരിക്കണമെന്നല്ല കോടതി പറയുന്നത്. സമാധാനമാണ് ആഗ്രഹിക്കുന്നത്. ചില സാഹചര്യങ്ങൾ കോടതിയുടെ നിയന്ത്രണത്തിനും അപ്പുറമാണ്. കലാപം പോലുള്ള കാര്യങ്ങൾ തടയാൻ കോടതിക്കാകില്ല. മാധ്യമങ്ങൾ കോടതികളെ കുറ്റപ്പെടുത്തുന്നു. കോടതി ഉത്തരവാദിയാണെന്ന മട്ടിലാണ് കാര്യങ്ങൾ പോകുന്നത്. ഇത്തരം സമ്മർദ്ദം താങ്ങാൻ കോടതി സജ്ജമായിട്ടില്ല. ഏതെങ്കിലും സംഭവം നടന്നതിന് ശേഷം മാത്രമേ ഇടപെടാൻ കഴിയുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് വ്യക്‌തമാക്കി.

അതേസമയം, കലാപവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്‌തമാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രിൽ മുപ്പതിന് ഹർജികൾ വീണ്ടും പരിഗണിക്കും.

ഡൽഹി കലാപത്തിൽ 45 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 903 ആയിട്ടുണ്ട്. 254 എഫ്‌ഐആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ഇതിൽ ആയുധ നിയമം അനുസരിച്ച് 36 കേസുകൾ ആണ് ഉള്ളത്. സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയതിന് 13 കേസുകളും രജിസ്റ്റർ ചെയ്തു. 1800 ഓളം പേര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Story Highlights: court cant prevent riots beforehand says supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top