കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കി സർക്കാർ ഉത്തരവ്; അധിക വില ഈടാക്കുന്നവർക്കെതിരെ നടപടി സീകരിക്കും

സംസ്ഥാനത്ത് കുപ്പിവെള്ള വില നിയന്ത്രണം നിൽവിൽ വന്നു. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കി സർക്കാർ ഉത്തരവ് ഇറങ്ങി. അധിക വില ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. പുതുക്കിയ വില നിലവിൽ വന്നെങ്കിലും വിജ്ഞാപനം കൂടി ഇറങ്ങിയശേഷമേ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന കർശനമാക്കു.

അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയാക്കി നിയന്ത്രിച്ചത്. കഴിഞ്ഞ മാസം പന്ത്രണ്ടിന് ഇത് സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചിരുന്നു. ഉത്തരവിറങ്ങിയതോടെ വിലനിയന്ത്രണം നിലവിൽ വന്നു.

എന്നാൽ, അമിത വില ഈടാക്കുന്നത് തടയാൻ കടകളിലുള്ള പരിശോധന വൈകിയേക്കും. വെള്ളത്തിന്റെ ഗുണനിലവാരം, പരിശോധന, പിഴ, എന്നിവ നിഷ്‌കർഷിക്കുന്ന വിജ്ഞാപനം ഇറങ്ങിയാലെ പരിശോധന നടത്താൻ ലീഗൽ മെട്രോളജി വകുപ്പിന് സാധിക്കുകയുള്ളു. വിജ്ഞാപനത്തിന്റെ കരട് നിയമവകുപ്പിന്റെ പരിഗണനയിലാണ്.

നിലവിൽ കടകളിലുള്ള സ്റ്റോക്ക് എന്ത് വിലയ്ക്ക് എത്ര നാൾകൊണ്ട് വിറ്റഴിക്കണമെന്ന നിർദേശവും വന്നിട്ടില്ല. 20 രൂപ വരെയാണ് നിലവിൽ കുപ്പിവെളളത്തിന് കച്ചവടക്കാർ ഈടാക്കുന്നത്. അച്ചടിച്ച വിലയേക്കാൾ അധികം ഈടാക്കുന്നവർക്കെതിരെ 5,000 രൂപയാണ് നിലവിലെ പിഴ. വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച നിർദേശങ്ങളും പുറത്തിറങ്ങുന്ന വിജ്ഞാപനത്തിലുണ്ടാകും. പുതിയ വ്യവസ്ഥകൾ പ്രകാരം ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പ് വരുത്തുന്നതിനൊപ്പം അനധികൃത പ്ലാന്റുകൾക്ക് തടയിടാമെന്നും സർക്കാർ കരുതുന്നു.

Story highlight: bottled water

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top