Advertisement

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേരളത്തിന്റെ ഹർജിയിൽ സുപ്രിംകോടതി ഇടപെടൽ

March 3, 2020
Google News 0 minutes Read

രാജ്യദ്രോഹം, യുഎപിഎ കേസുകളിൽ മാവോയിസ്റ്റ് നേതാവ് രൂപേഷ് നൽകിയ വിടുതൽ ഹർജി അംഗീകരിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി ഇടപെടൽ. കേരള സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

സർക്കാർ ഹർജി പരിഗണിച്ചുകൊണ്ട് രൂപേഷന് ഇക്കാര്യത്തിൽ മറുപടി നൽകാൻ സുപ്രിംകോടതി നോട്ടീസ് അയച്ചു. ആറാഴ്ച്ചത്തെ സമയമാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് രൂപേഷിന് അനുവദിച്ചിരിക്കുന്നത്.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തു എന്ന കുറ്റം ചുമത്തി 2013 ൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ടു കേസുകളിലും 2014 വളയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു കേസിലും നിന്നും വിടുതൽ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു രൂപേഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഈ ഹർജിയാണ് ഹൈക്കോടതി അംഗീകരിച്ചത്. രാജ്യദ്രോഹ കേസിൽ പ്രോസിക്യൂഷൻ അനുമതിയില്ലാതെ വിചാരണ കോടതിക്ക് നടപടിയെടുക്കാൻ കഴിയില്ലെന്നായിരുന്നു രൂപേഷിന്റെ ഹർജി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. യുഎപിഎ കേസിൽ പ്രോസിക്യൂഷൻ അനുമതി സമയബന്ധിതമായി നൽകിയിരുന്നില്ലെന്നതും രൂപേഷിന്റെ ഹർജി അംഗീകരിക്കാൻ ഹൈക്കോടതി കാരണമാക്കിയിരുന്നു.

എന്നാൽ, ഇതിനെതിരെ കേരള സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. യുഎപിഎ നിയമത്തിൽ പ്രോസിക്യൂഷൻ അനുമതി സമയബന്ധിതമായി നൽകണമെന്നു നിർബന്ധമില്ലെന്നും ഇക്കാര്യം നിർദേശക സ്വഭാവമുള്ള വ്യവസ്ഥ മാത്രമാണെന്നുമായിരുന്നു സർക്കാരിനു വേണ്ടി ഹാജരായ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗും, സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കാറും സുപ്രിംകോടതിയിൽ വാദിച്ചത്. പ്രോസിക്യഷൻ അനുമതി ലഭിക്കാൻ വൈകിയത് ഭരണപരമായ കാരണങ്ങളാലാണെന്നും അത് കേസിന്റെ മെരിറ്റിനെ ബാധിക്കുന്നതല്ലെന്നും കേരള സർക്കാർ അഭിഭാഷകർ സുപ്രിം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ആറാഴ്ചത്തെ സമയ പരിധിക്കുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട് ഡിവിഷൻ ബഞ്ച് രൂപേഷിന് നോട്ടീസ് അയച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here