ഐ ബി ഉദ്യോഗസ്ഥന്റെ കൊലപാതകം ; ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ഐ ബി ഉദ്യോഗസ്ഥന്റെ കൊലപാതകക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍. കീഴടങ്ങല്‍ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയ കേസിലാണ് താഹിര്‍ ഹുസൈന്‍ അറസ്റ്റിലായത്. അങ്കിതിന്റെ മൃതദേഹം ചാന്ദ്ബാഗിലെ ഒരു അഴുക്കുചാലില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ താഹിര്‍ ഹുസൈന്‍ ഇന്ന് ഉച്ചയോടെ റോസ് അവന്യൂ കോടതിയിലാണ് കീഴടങ്ങിയത്. കീഴടങ്ങല്‍ ഹര്‍ജി തള്ളിയതോടെ അന്വേഷണ സംഘം താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

താഹിര്‍ ഹുസൈനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഡല്‍ഹി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. കൊലപാതകം, കലാപം അഹ്വാനം, ആയുധശേഖരണം തുടങ്ങിയ വിവിധ കുറ്റങ്ങളിലാണ് താഹിര്‍ ഹുസൈനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ കര്‍ക്കര്‍ഡുമ കോടതി താഹിറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Story Highlights-Murder of IB officer, Aam Aadmi Party, Tahir Hussain
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top