കൊവിഡ് 19 ഭീതി; കൊല്ലത്തെ അമൃതാനന്ദമയീ മഠത്തിൽ ഭക്തർക്ക് വിലക്ക്

ലോക വ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ മാതാ അമൃതാനന്ദമയീ മഠത്തിൽ ഭക്തർക്ക് വിലക്ക്. അമൃതാനന്ദമയീ മഠത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്ന് കുറിപ്പിൽ പറയുന്നു.

കൊല്ലം ജില്ലയിലെ വള്ളിക്കാവിലുള്ള ആശ്രമത്തിൽ പ്രതിദിനം മൂവായിരത്തോളം പേരെയാണ് അമൃതാനന്ദമയി കാണാറുള്ളത്. സ്വദേശികളും വിദേശികളുമായ ആളുകളെ കണ്ട് അമൃതാനന്ദമയി ആലിംഗന ദർശനം നൽകാറുണ്ടായിരുന്നു. എന്നാൽ, രാജ്യത്ത് വിദേശികളടക്കമുള്ളവർക്ക് കൊറോണ ബാധിച്ചതിൻ്റെ സാഹചര്യത്തിൽ ഇത് നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് മഠത്തിനോട് നിർദ്ദേശിക്കുകയായിരുന്നു എന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

‘ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ഭക്തർ അധിവസിക്കുന്ന ആശ്രമം ഇപ്പോള്‍ ആരോഗ്യവകുപ്പിന്‍റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോ വിദേശികളോ ആയ ഭക്തരെ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. പകൽ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും ഈ നിയന്ത്രണം ബാധകമാണ്. എത്ര എത്ര കാലം മുന്‍പ് ഇന്ത്യയില്‍ എത്തിയ വിദേശ പൗരന്‍മാര്‍ ആണെങ്കിലും അവർ ഈ നിയന്ത്രണങ്ങൾ പാലിക്കണം. ദൈവാനുഗ്രഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്ന് പ്രത്യാശിക്കുന്നു’- അമൃതാനന്ദമയീ മഠത്തിൻ്റെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ അറിയിക്കുന്നു.

അതേ സമയം, രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 31 ആയി. രോഗം ബാധിച്ച് 28 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Story Highlights: COVID-19 Amritanandamayi stops darshan at Kerala ashram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top