വിദേശത്ത് കുടുങ്ങിയ മലയാളികളെ ഇന്ത്യയിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു : കേന്ദ്ര വിദേശകാര്യമന്ത്രി

ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ മലയാളികളടക്കമുളളവരെ ഇന്ത്യയിലേക്കെത്തിക്കാനുളള ശ്രമങ്ങൾ തുടരുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇറ്റലി വിമാനത്താവളങ്ങിൽ കുടുങ്ങിയവരെ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം നാളെ പുറപ്പെടുമെന്ന് വിദേശകാര്യമന്ത്രി രാജ്യസഭയിൽ അറിയിച്ചു.

കൊവിഡ് 19 ശക്തമായി പടരുന്ന ഇറ്റലിയിലും, ഇറാനിലും കുടുങ്ങിക്കിടക്കുന്നവർക്ക് വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്നാണ് വിദേശകാര്യമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയത്. ഇതിനായി ഇറ്റലിയിലേക്ക് മെഡിക്കൽ സംഘം നാളെ പുറപ്പെടും, അടിയന്തര സഹായങ്ങൾ എല്ലാവർക്കും നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു

ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് എത്തിയവർക്ക് ജോലി നഷ്ടപ്പെടാതിരിക്കാൻ എംബസികൾ മുഖേന വിവിധരാജ്യങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. ആരോഗ്യമേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. കേന്ദ്രമന്ത്രിമാർ യോഗം ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന് സംസ്ഥാന സർക്കാറുകൾക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

അതിനിടെ ദുബായിൽ നിന്ന് തിരിച്ചെത്തിയ രാജസ്ഥാൻ ജയ്പൂർ സ്വദേശിക്കാണ് ഒടുവിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 62 ആയി. നിരവധി പേർ നിരീക്ഷണത്തിൽ തുടരുകയാണ്.

Story Highlights- corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top