കൊവിഡ് 19: ഐപിഎൽ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

രാജ്യവ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ 13ആം സീസൺ മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ലോകത്ത് വിവിധ ഇടങ്ങളിലുള്ള കായിക മത്സരങ്ങൾ മാറ്റിവച്ചു എന്നും വിനോദത്തെക്കാളേറെ ഇപ്പോൾ ആളുകളുടെ സുരക്ഷിതത്വത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും ഹർജിയിൽ പറയുന്നു.

അഡ്വക്കറ്റ് ജി അലക്സ് ബെൻസിഗർ എന്നയാളാണ് ഹർജി സമർപ്പിച്ചത്. മാർച്ച് 12ന് കോടതി ഹർജി പരിഗണിക്കുമെന്നാണ് സൂചന. ‘നിലവിൽ കൊറോണ തടയാൻ കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഓ തങ്ങളുടെ വെബ്സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ലോകത്ത് വലിയ ദുരന്തമായി കൊറോണ വ്യാപിക്കുകയാണ്. പല കായിക മത്സരങ്ങളും മാറ്റിവച്ചു. ചില മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചു. ഐപിഎൽ നടത്തരുതെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് കത്തയച്ചിട്ടും മറുപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് ഹർജി സമർപ്പിച്ചത്.’- ഹർജിയിൽ ഇദ്ദേഹം സൂചിപ്പിക്കുന്നു.

നേരത്തെ, ബെംഗളൂരുവിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. മത്സരങ്ങൾ നടത്താനുള്ള അനുമതി നിഷേധിച്ച കർണാടക സർക്കാർ, ഐപിഎൽ നിർത്തിവെക്കണമെന്ന് ഗവേണിംഗ് കമ്മറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റി വെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപേയുടെ അറിയിപ്പ് തള്ളിയാണ് ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയത്. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

Story Highlights: Plea In Madras High Court Against IPL Games Amidst Coronavirus Outbreak

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top