ഇറാഖിൽ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു 12 പേർക്ക് പരുക്ക്

ഇറാഖിൽ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ അമേരിക്കൻ, ബ്രിട്ടീഷ് സൈനികരും ഒരു അമേരിക്കൻ കോൺട്രാക്റ്ററും കൊല്ലപ്പെട്ടു. 12 പേർക്ക് പരുക്കേറ്റു.

ബാഗ്ദാദിനടുത്തുള്ള താജി സൈനിക ക്യാമ്പിന് നേരെയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. ആക്രമണത്തിന് 18 റോക്കറ്റുകളാണ് ഉപയോഗിച്ചതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു. റഷ്യൻ നിർമിത കച്യൂഷ റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം ഇന്നലെ രാത്രി 7.35ന് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് യുഎസ് സൈനിക വക്താവ് അറിയിച്ചപ്പോൾ ആക്രമണം നിർഭാഗ്യകരമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു.

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കമാൻഡറായ കാസിം സുലൈമാനിയെ ജനുവരി ആദ്യം ഡ്രോൺ ആക്രമണത്തിൽ അമേരിക്ക വധിച്ചതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതേത്തുടർന്ന് ജനുവരി എട്ടിന് അൽ അസദിൽ നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടെങ്കിലും അമേരിക്ക ഇത് നിഷേധിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top