കോട്ടയത്ത് വിദേശികൾ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പൊലീസ് തടഞ്ഞു

കോട്ടയം കുറവിലങ്ങാട് വിദേശികൾ സഞ്ചരിച്ച കെഎസ്ആർടിസി ബസ് പൊലീസ് തടഞ്ഞു. ബസിലുണ്ടായിരുന്ന സ്‌പെയിൻ സ്വദേശികളായ യുവാവിനെയും യുവതിയെയും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരാക്കി. കൊവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടെത്താത്തതിനാൽ ഇവരെ വിട്ടയച്ചെങ്കിലും, നിലവിലെ സാഹചര്യത്തിൽ താമസസൗകര്യം ലഭിക്കാത്തതിനെ തുടർന്ന് പാലാ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

മാർച്ച് ആറിന് കേരളത്തിൽ എത്തിയ ഇരുവരും കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ ആണ് താമസിച്ചത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന വിലക്ക് മറികടന്ന് മൂന്നാറിലേക്ക് പോകുന്നതിനിടെയാണ് വിദേശികളെ പൊലീസ് തടഞ്ഞത്.

അതേസമയം, പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. തൃശൂരിലും കണ്ണൂരിലും രോഗബാധ കണ്ടെത്തിയ വ്യക്തികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Read Alsoപത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് ലക്ഷണങ്ങൾ

ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിയെ രണ്ടുദിവസം മുൻപാണ് നിരീക്ഷണത്തിനായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങളുണ്ടെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. എന്നാൽ ആരോഗ്യനില തൃപ്തികരമാണ്.

തൃശൂരിൽ രോഗബാധ കണ്ടെത്തിയ യുവാവിന്റെ നിലയും തൃപ്തികരമാണ്. വൈകിട്ട് ചില പരിശോധനാഫലങ്ങൾ കൂടി വരും. പുലർച്ചെ കുൽബുർഗിയിൽ നിന്നുമെത്തിയ പതിനൊന്നംഗ മെഡിക്കൽ വിദ്യാർഥി സംഘത്തിലെ ഒരാൾക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാളെ ജനറൽ ആശുപത്രിയിലേക്കും മറ്റുള്ളവരെ വീടുകളിലും നിരീക്ഷിക്കും.

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗിക്കൊപ്പം നിരീക്ഷണത്തിലായ മറ്റുള്ളവർക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. ജില്ലയിൽ നിലവിൽ 45 പേർ ഐസൊലേഷൻ വാർഡുകളിലും 260 പേർ വീടുകളിലുമായാണ് നിരീക്ഷണത്തിലുള്ളത്. 15 പേരുടെ ഫലങ്ങൾ ഇനി ലഭിക്കണം.

Story Highlights- Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top