കൊവിഡ് 19 : നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കള്ള് ഷാപ്പ് ലേലവുമായി എക്സൈസ്

കൊവിഡ് 19 രോഗ ഭീതിക്കിടെ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കള്ള് ഷാപ്പ് ലേലവുമായി എക്സൈസ് വകുപ്പ്. മിക്ക ജില്ലകളിലും നൂറു കണക്കിന് ആളുകൾ ലേലത്തിനെത്തി. പരാതിയും പ്രതിഷേധവും ഉയർന്നതോടെ ചിലയിടങ്ങളിൽ ലേലം മാറ്റിവച്ചു. എറണാകുളത്ത് പ്രധിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി പൊതുപരിപാടികൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും നേരത്തെ നിശ്ചയിച്ച കള്ള് ഷാപ്പ് ലേലം മാറ്റാൻ എക്സൈസ് വകുപ്പ് തയറായില്ല. ലേല നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂരിലും മലപ്പുറത്തും ആലപ്പുഴയിലും പ്രതിഷേധിച്ചു.

പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിലും മലപ്പുറത്തും ആലപ്പുഴയിലും ലേല നടപടികൾ മാറ്റിവച്ചു. എറണാകുളത്ത് മാധ്യമ വാർത്തകളെ തുടർന്ന് കലക്ടറേറ്റിൽ നിന്നും മാറ്റിവച്ച ലേലം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണരുടെ കാര്യാലയത്തിൽ വച്ചു നടത്തി. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധവുമായെത്തി. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

എല്ലാ സുരക്ഷാ മുൻകരുതലും ഒരുക്കിയ ശേഷമാണ് ലേലം സംഘടിപ്പിച്ചതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ലേലത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് സാനിറ്ററൈസർ, മാസ്ക് എന്നിവയും വിതരണം ചെയതിരുന്നു.  കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കർശന ജാഗ്രതാ നിർദേശങ്ങളുള്ളപ്പോഴാണ് 2020-2023 വര്‍ഷത്തേക്കുള്ള കള്ളു ഷാപ്പ് ലേലം വിലക്കുകൾ ലംഘിച്ച് എക്സൈസ് വകുപ്പ് ജില്ലകളിൽ നടത്തിയത്.

Story Highlights: covid 19, coronavirus, Restrictions, Excise with Shop Auction

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top