രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 174 ആയി

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 174 ആയി. മഹാരാഷ്ട്രയിൽ മാത്രം 49 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡ് 19ൽ സാമൂഹ്യ വ്യാപനമില്ലെന്ന് ഐഎംസിആർ അറിയിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഉത്തർ പ്രദേശ്, ചത്തീസ്ഗഡ്, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 18 സംസ്ഥാനങ്ങളിലാണ് രോഗബാധിതർ ഉള്ളത്. മഹാരാഷ്ട്രയിലെ സ്ഥിതി അതീവഗുരുതരമല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചെങ്കിലും രോഗബാധിതരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ലോക്കൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. മുംബൈയിലെ ഡബ്ബാവാലകൾ മാർച്ച് 31 വരെ അടച്ചു.

അതേസമയം, രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ റാന്‍ഡം പരിശോധനയില്‍ 826 എണ്ണം നെഗറ്റീവാണെന്ന് ഐസിഎംആർ അറിയിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ മാർച്ച് 31 വരെ എല്ലാ പരീക്ഷകളും മൂല്യ നിർണയ ക്യാമ്പുകളും മാറ്റിവെക്കണമെന്ന് യുജിസി സർവകലാശാലകൾക്ക് നിർദ്ദേശം നൽകി. ഐസിഎസ്ഇയും പത്താം ക്ലാസ്, പ്ലസ് ടു, പരീക്ഷകൾ മാറ്റിവച്ചു. രാജസ്ഥാനിലും യുപിയിലെ നോയിഡലും നിരോധനാഞ്ജ പ്രഖ്യാപിച്ചു. റെയിൽവേ 168 സർവീസുകൾ മാർച്ച് 31 വരെ റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 84 രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി.

അതേ സമയം, കൊവിഡ് പശ്ചാത്തലത്തിൽ രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top