കൊവിഡ് 19; പഞ്ചാബും പൂർണ അടച്ചിടലിലേയ്ക്ക്

രാജ്യത്ത് കൊറോണ ബാധികരുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാന് പിറകെ പഞ്ചാബും സമ്പൂർണമായ അടച്ചിടലിലേയ്ക്ക്. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. പതിനൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അടച്ചിടൽ പ്രഖ്യാപനം.

രാജസ്ഥാനിൽ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടലിൽ മരുന്നും ഭക്ഷ്യ വസ്തുക്കളും വിൽക്കുന്ന കടകൾ ഒഴികെ എല്ലാ കടകളും ഉൾപ്പെടും. പൊതുഗതാഗത സംവിധാനങ്ങളുമുണ്ടാകില്ല. ഗുജറാത്തിൽ അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്ഘട്ട് എന്നീ നഗരങ്ങൾ അടച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തലാക്കി. മുംബൈയും ഏകദേശം നിശ്ചലമായ അവസ്ഥയിലാണ്.

അതേസമയം ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ബിഹാറിലെ പാട്‌നയിലാണ് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി. മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരൻ ഇന്നലെ രാത്രിയാണ് മരിച്ചത്. മുംബൈയിലെ എച്ച്. എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലായിരുന്നു മരണം. രോഗിക്ക് കടുത്ത പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. മഹാരാഷ്ട്രയിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കൊവിഡ് മരണമായിരുന്നു അത്. ഇന്ത്യയിൽ ഏറ്റവും അധികം കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top