രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു; മരണം പത്തായി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. മുംബൈയിൽ അറുപത്തിയഞ്ചുകാരൻ മരിച്ചതോടെ മരണം പത്തായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നൂറ്റിയൊന്നായി.

മഹാരാഷ്ട്രയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം നൂറ് കടന്നു. പുനെയിൽ മൂന്ന് പേർക്കും സത്താറയിൽ ഒരാൾക്കും സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം നൂറ്റിയൊന്നായി. മഹാരാഷ്ട്രയിൽ പന്ത്രണ്ട് പേർ സുഖം പ്രാപിച്ചു. ഇവരെ മുംബൈയിലെ കസ്തുർബാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഗുജറാത്തിൽ രണ്ട് പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം മുപ്പത്തിമൂന്നായി ഉയർന്നു. 27000 പേർ നിരീക്ഷണത്തിലാണ്. വിദശത്തു നിന്ന് എത്തിയ ഒൻപത് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണ കേന്ദ്രത്തിലാക്കി. പശ്ചിമബംഗാളിൽ രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം എട്ടായി. മണിപ്പുരിൽ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ഇരുപത്തിമൂന്നുകാരിക്കാണ് പരിശോധനാഫലം പോസിറ്റീവായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ കേസാണിത്. കുട്ടികളുടെയും വൃദ്ധരുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്രമന്ത്രി ഹർഷ വർധൻ പറഞ്ഞു.

കർണാടകയിലും ഉത്തർപ്രദേശിലും ഡൽഹിയിലും ഇന്ന് പുതുതായി പോസിറ്റീവ് കേസുകളില്ല. ജമ്മു കശ്മീരിൽ 11 ആശുപത്രികളെ കൊവിഡ് ഐസോലെഷൻ ആശുപത്രികളാക്കി മാറ്റി. മുംബൈയിലെ ബാന്ദ്രയിൽ പൂഴ്ത്തിവച്ച 14 കോടി രൂപയുടെ മാസ്കുകൾ പൊലീസ് പിടിച്ചെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top