കൊവിഡ് 19 ബാധിച്ചയാൾ മരണമടഞ്ഞാൽ എന്ത് ചെയ്യണം? മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കൊറോണ വൈറസ് രോഗബാധ മൂർച്ഛിച്ചോ മരണമടഞ്ഞാൽ അത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച് മരണമടഞ്ഞാൽ മൃതദേഹത്തിൽ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാൻ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രതയോടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

മാർഗനിർദേശങ്ങൾ

കൊവിഡ് 19 ബാധിച്ച രോഗി മരണപ്പെട്ടാൽ പരിശീലനം ലഭിച്ച ജീവനക്കാർ മൃതദേഹം ട്രിപ്പിൾ ലയർ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും പരിശീലനം നേടിയ ജീവനക്കാരെ ആശുപത്രികൾ നിയോഗിക്കണം.

മൃതദേഹവുമായി സമ്പർക്കം പുലർത്തുന്നവർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളായ പിപിഇ കിറ്റ് ഉപയോഗിക്കേണ്ടതാണ്.

സംസ്‌കാര വേളയിൽ കുടുംബങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കണം. സംസ്‌കാര ചടങ്ങുകൾ പൂർത്തായയിന് ശേഷം മൃതദേഹം കൊണ്ടുപോയ സ്ട്രക്ച്ചർ അണുവിമുക്തമാക്കണം.

കൊവിഡ് 19 അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലത്തിലുള്ള അന്ത്യകർമങ്ങൾ കുഴപ്പമില്ലെങ്കിലും ഒരു കാരണവശാലും മൃതദേഹം സ്പർശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.

സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആൾക്കാർ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം.

മൃതദേഹങ്ങളിൽ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തിൽ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാർഗനിർദേശങ്ങളും മേൽനോട്ടവും ഉദ്യോഗസ്ഥർ നേരിട്ട് നൽകുന്നതാണ്.

സംസ്‌കാരത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.

Story highlight: covid19 dies, Department of Health with guidelines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top