മലപ്പുറത്ത് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ ഒരാൾകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കീഴാറ്റൂർ പൂന്താനം സ്വദേശിയായ 85 കാരനാണ് ജില്ലയിൽ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മലപ്പുറത്ത് ചികിത്സിയിലുള്ളവരുടെ എണ്ണം പന്ത്രണ്ടായി.

മാർച്ച് 11ന് ഉംറ കഴിഞ്ഞെത്തിയ മകൻ, വീട്ടിൽ നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശം ലംഘിച്ച് പിതാവിനെ സന്ദർശിക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. മാർച്ച് 26 ന് പിതാവിന് പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിൽ എത്തിച്ചു. മാർച്ച് 28 നും ഇതേ ആശുപത്രിയിൽ ചികിത്സ നൽകി. അന്ന് തന്നെ രാത്രി ആക്കപറമ്പിലുള്ള സ്വകാര്യ ക്ലിനിക്കിലുമെത്തി. തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലും ഇതേ ക്ലിനിക്കിൽ എത്തി ഇഞ്ചക്ഷനെടുത്ത് മടങ്ങി. 31ന് രാത്രി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി പരിശോധനക്കായി രക്തമെടുത്തു. പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലാണ് രക്തം പരിശോധിച്ചത്. പിന്നീട് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. ഏപ്രിൽ ഒന്നിന് പുലർച്ചെയാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. വിദേശത്ത് നിന്നെത്തിയ മകൻ സമ്പർക്കത്തിൽ ഏർപ്പെടുകയും, പിതാവിന് പിന്നീട് രോഗലക്ഷണൾ കാണുകയും ചെയ്തിട്ടും ആരോഗ്യവകുപ്പിനെ അറിയിക്കാതെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലത്രയും ഇദ്ദേഹം വിവിധ ക്ലിനിക്കുകളിൽ ചികിത്സതേടിയത്.

ആശുപത്രി അധികൃതരും വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചില്ല. വൈറസ് ബാധിതനെ പരിചരിച്ച ഭാര്യ, പേരമകൻ, ഉംറ കഴിഞ്ഞെത്തിയ മകൻ, ഭാര്യ, രണ്ട് മക്കൾ എന്നിവരും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ മകൻ ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ജിദ്ദ കരിപ്പൂർ എസ്.വി. 747 വിമാനത്തിലെ യാത്രക്കാർ കൺട്രോൾ സെല്ലുമായി ബന്ധപ്പെട്ട് നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Story Highlights- coronavirus,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More