Advertisement

രണ്ട് ആഴ്ചയിലേറെയായി പട്ടിണിയെന്ന് വ്യാജപ്രചാരണം; പരിശോധനയിൽ കണ്ടെത്തിയത് മിനി മാർക്കറ്റ്; അതിഥി തൊഴിലാളി പിടിയിൽ

April 4, 2020
Google News 1 minute Read

രണ്ട് ആഴ്ചയിൽ ഏറെയായി പട്ടിണിയിലാണെന്ന വ്യാജപ്രചാരണം നടത്തിയ അതിഥി തൊഴിലാളി പിടിയിൽ. കൊല്‍ക്കൊത്ത നാദിയ സ്വദേശിയായ മിനാറുള്‍ ഷെയ്ക്ക് (28) ആണ് പിറവത്ത് പിടിയിലായത്. നാലു വർഷമായി പിറവം ടൗണിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്യുന്ന ഇയാൾ ലോക്ക്ഡൗൺ സമയത്തും ജോലി ചെയ്ത് ശമ്പളം വാങ്ങിയിരുന്നു. ഒപ്പം അതിഥി തൊഴിലാളികൾക്കായി ലോക്ക് ഡൗൺ കാലത്ത് സംസ്ഥാന സർക്കാർ നൽകിയ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇയാൾ ഫേസ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയത്.

ഒരു സുഹൃത്തിൻ്റെ സഹായത്തോടെ ബംഗാളിലാണ് ഇയാൾ വ്യാജപ്രചാരണം നടത്തിയത്. രണ്ടാഴ്ചയിലേറെയായി പട്ടിണിണിയിലാണെന്നും കഴിക്കാൻ ബിസ്കറ്റ് പോലും ലഭിക്കുന്നില്ലെന്നും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം ഇയാളുടെ ഫോൺ നമ്പറും ഉൾപ്പെടുത്തിയിരുന്നു. പോസ്റ്റ് ശ്രദ്ധയിൽ പെട്ട ബംഗാൾ ഇന്റലിജൻസ് വിഭാഗം കേരള എഡിജിപി ടികെ വിനോദ് കുമാറിനെ വിവരം അറിയിച്ചു. എഡിജിപി കളക്ടർ എസ് സുഹാസിനെ വിവരം അറിയിച്ചു. കളക്ടർ നൽകിയ നിർദ്ദേശം അനുസരിച്ച് പിറവം നഗരസഭയുടെ ആരോഗ്യവിഭാഗം അഗ്നിശമന നിലയത്തിനു സമീപത്തുള്ള ഇയാളുടെ ക്യാംപിലെത്തി.

14 പേർ താമസിച്ചിരുന്ന ക്യാംപിൽ പാകം ചെയ്ത മത്സ്യ–മാംസ വിഭവങ്ങൾക്കു പുറമേ അരി, മുട്ട, പച്ചക്കറികൾ, തേങ്ങ, മസാലക്കൂട്ടുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു. ക്യാംപിലെ 14 പേരും ജോലിക്ക് പോയിരുന്നു. അതിഥി തൊഴിലാളികൾക്ക് നഗരസഭ നൽകുന്ന ഭക്ഷണവും ഇവർ വാങ്ങിയിരുന്നു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പിറവം എസ്ഐ വിഡി റെജിരാജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് ലഭിക്കുന്നതിനൊപ്പം സ്വന്തം നാട്ടിൽ നിന്ന് കൂടി സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Story Highlights: Bengal native fake fb post arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here