Advertisement

അമേരിക്കയിൽ കൊവിഡ് മരണങ്ങൾ വർധിക്കുന്നു; മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ്

April 4, 2020
Google News 2 minutes Read

കൊവിഡിന്റെ ഭീഷണി ഏറ്റവുമധികം ഭീതി വിതച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇതുവരെ അമേരിക്കയിൽ വൈറസ് രോഗബാധിതരായി 7406 പേർ മരിച്ചു. ഏപ്രിൽ മൂന്നാം തീയതി മാത്രം മരിച്ചവർ 1480 പേരാണ്. കൊവിഡുമായി ബന്ധപ്പെട്ട് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.

എന്നാൽ, ഇത്രയും ഭീകരമായൊരു അവസ്ഥയിൽ രാജ്യം കടന്നുപോകുമ്പോഴും താൻ മാസ്‌ക് ധരിക്കില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്. വലിയ വിമർശനങ്ങൾക്കാണ് ട്രംപിന്റെ ഈ പ്രസ്താവന വഴിയൊരുക്കിയിരിക്കുന്നത്. അമേരിക്കൻ ആരോഗ്യ ഏജൻസിയായ സെന്റർ ഓഫ് ഡിസീസ് കൺട്രോൾ(സിഡിസി) രാജ്യത്തെ ജനങ്ങൾ എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്, എന്നാൽ സിഡിസിയുടെ നിർദേശത്തിൽ സ്വയംസന്നദ്ധരാവണം എന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് പറയുന്നത്. നിങ്ങൾ വേണമെങ്കിൽ മാസ്‌ക് ധരിച്ചാൽ മതി, ഞാനെന്തായാലും മാസ്‌ക് ധരിക്കാൻ പോകുന്നില്ലെന്നാണ് ട്രംപ് ആവർത്തിക്കുന്നത്.

കൊവിഡ് സാമൂഹ്യ വ്യാപനം ഏറ്റവും കൂടിയ അളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം കൂടിയാണ് അമേരിക്ക. ന്യൂയോർക്ക് ഉൾപ്പെടെ പ്രധാന നഗരങ്ങളെല്ലാം കൊവിഡ് ഹോട് സ്പോട്ടുകളാണ്. ജനങ്ങൾ വളരെയധികം ജാഗ്രത പുലർത്തണമെന്നും ചുമയിലൂടെയും തുമ്മലിലൂടെയും രോഗം വളരെ വേഗത്തിൽ പടരാൻ സാധ്യതയുണ്ടെന്നും സിഡിസി വൈറ്റ് ഹൗസിനു കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയതുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അമേരിക്കയുടെ പ്രസിഡന്റ് തന്നെ മാസ്‌ക് ധരിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ആവർത്തിക്കുന്നത്. ലോകരാജ്യങ്ങളിലെ വലിയ നേതാക്കളെയും രാജാക്കന്മാരെയും മറ്റും കാണേണ്ടി വരുന്ന ഞാൻ മാസ്‌ക് ധരിക്കാനോ എന്നാണ് ട്രംപ് ചോദിക്കുന്നത്.

എല്ലാവരും മാസ്‌ക് ധരിക്കണമെന്ന സിഡിസിയുടെ ഉപദേശത്തോട് ട്രംപിനു മാത്രമല്ല, വൈറ്റ് ഹൗസിനും പൂർണമായ യോജിപ്പില്ലെന്നാണ് അറിയുന്നത്. മുതിർന്ന ഉദ്യോഗസ്ഥരിൽ ചിലർ ഇക്കാര്യത്തിൽ പ്രസിഡന്റിന്റെ നയമാണ് തങ്ങൾക്കുമുള്ളതെന്നു വ്യക്തമാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് ഈ ഉദ്യോഗസ്ഥരും പറയുന്നത്. ഇക്കാര്യത്തിൽ സെന്റർ ഓഫ് ഡിസീസ് കൺട്രോളും വൈറ്റ് ഹൗസും തമ്മിൽ അഭിപ്രായഭിന്നതകൾ രൂക്ഷമായി വരുന്നുണ്ടെന്നും അമേരിക്കൻ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Story highlight: Increasing Covid Deaths In America, Trump says am not wear mask

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here