കസ്തൂരി മണമുള്ള പാട്ടുകാരൻ… ; ഓർമയിൽ അർജുനൻ മാഷ്

എംകെ അർജുനൻ, മലയാളികളുടെ പ്രിയ്യപ്പെട്ട അർജുനൻ മാഷ്, മലയാള സംഗീത ലോകത്തെ ഒടുവിലത്തെ മാസ്റ്റെറോ, കസ്തൂരി മണമുള്ള പാട്ടുകാരൻ. അങ്ങനെ വിശേഷണങ്ങൾക്കതീതനായി അർജുനൻ മാഷ് ഇനി ഓർമകളിൽ….

1946 മാർച്ച് ഒന്നാം തീയതി ഫോർട്ടുകൊച്ചിയിൽ ചിരട്ടപ്പാലത്ത് കൊച്ചു കുഞ്ഞിന്റെയും പാർവതിയുടെയും മകനായി ജനിച്ച അർജുനൻ മാഷ് നാടകഗാനങ്ങളിലൂടെയാണ് ചലച്ചിത്ര സംഗീത ലോകത്ത് എത്തുന്നത്. ചുമട്ടു തൊഴിലാളിയിൽ നിന്ന് സംഗീത സംവിധായകനിലേക്കുള്ള യാത്ര തിരിച്ചടികൾ നിറഞ്ഞതും ത്യാഗ നിർഭരവുമായിരുന്നു. അരനൂറ്റാണ്ട് നീണ്ടു നിന്ന സംഗീത സപര്യ…

എംജി ബേബിയുടെ പകരക്കാരനായി സംഗീത ലോകത്തെത്തിയ അർജുനൻ മാഷിന്റെ സംഗീതത്തിന് കാതോർക്കാത്ത മലായാളികളില്ല. 22-ാം വയസിൽ തുടങ്ങിയ മാഷിന്റെ സംഗീത മാധുര്യത്തിന് മലയാളിയുടെ സ്വപ്‌നങ്ങൾ കൂടി അലിഞ്ഞു ചേർന്നപ്പോൾ കസ്തൂരി മണമോലുന്ന ഒരുപിടി ഗാനങ്ങൾ മലയാളികൾക്ക് സ്വന്തമായി.

പതിനാലു മക്കളിൽ ഒരാളായിരുന്നു അർജുനൻ മാഷ്. അച്ഛനില്ലാത്ത പട്ടിണിയുടെ കാലം അദ്ദേഹത്തെയും സഹോദരനേയും പഴനിയിലെ ആശ്രമത്തിലെത്തിച്ചു. ആശ്രമത്തിൽ ഭജനകൾ പാടി തന്റെ സ്വരസ്ഥാനങ്ങൾ ഉറപ്പിച്ച അർജുനൻ മാഷിന്റെ സംഗീത ജീവിതത്തിന്റെ തുടക്കം നാടക ഗാനങ്ങളിലൂടെയാണ്.

1958ൽ പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം നൽകിയത്. പിന്നീട് അർജുനൻ എന്ന സംഗീത സംവിധായകന്റെ സിനിമ ലോകത്തേക്കുള്ള വഴിയും തുറന്നു നൽകി. സംഗീത ലോകത്തേക്ക് അര്ജുനൻ എന്ന പ്രതിയെ കൈപിടിച്ചുയർത്തുന്നതിൻ ദേവരാജൻ മാസ്റ്റർ ഒരു വലിയ പങ്ക് വഹിച്ചു. കാളിദാസ കലാകേന്ദ്രത്തിലെ ഹാർമോണിസ്റ്റിൽ നിന്നും അക്കാലത്തെ സംഗീത കുലപതികൾക്കൊപ്പമോ അവർക്കു മേലെയോ ആയി വളരാൻ അർജുനൻ മാസ്റ്റർക്ക് കഴിഞ്ഞു. തന്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്നവരോട് ഒരു പുഞ്ചിരിയിലൂടെ മാത്രമാണ് മാഷ് മറുപടിനൽകിയിരുന്നത്.

1968 ലെ കറുത്ത പൗർണ്ണമി എന്ന ചിത്രത്തിലെ ‘മാനത്തിൻമുറ്റത്ത് മഴവില്ലാലഴ കെട്ടും മധുമാസമനികളേ’ എന്ന ആദ്യ ഗാനം മുതൽ ഇങ്ങോട്ടുള്ള ഗാന മാധുര്യങ്ങളൊക്കെയും മലയാളികളുടെ മനസ് നിറച്ചു. പി ഭാസ്‌ക്കരൻ, വയലാർ, ഒ എൻ വി, ശ്രീകുമാരൻ തമ്പി, തിക്കുറുശ്ശി, മുല്ലനേഴി, പൂവച്ചൽ ഖാദർ, ഭരണിക്കാവ് ശിവകുമാർ, പാപ്പനംകോട് ലക്ഷ്മൺ തുടങ്ങിയ പ്രതിഭകളുടെ വരികളെ അനുപമ ഗാനസൃഷ്ടികളാക്കി മാഷ് മലയാളിക്ക് സമ്മാനിച്ചു. മാഷിന്റെ ഗാനങ്ങൾ മലയാളത്തിലെ ലക്ഷണമൊത്ത ഗസലുകൾ തന്നെയാണ് അടിവരയിട്ടു പറയാം. ഏത് നിലയ്ക്കും ഒന്നാം നിരയിൽ നിൽക്കുന്ന എത്രയോ മനോഹര ഗാനങ്ങൾ…

ചെമ്പകതൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി, അനുവാദമില്ലാതെ അകത്തു വന്നു…, ഏഴു സുന്ദരരാത്രികൾ..തുടങ്ങിയവ ഉദാഹരണങ്ങൾ! ഏത് നിലയ്ക്കും ഒന്നാം നിരയിൽ നിൽക്കുന്ന എത്രയോ മനോഹര ഗാനങ്ങൾ വേറെയും…

പാടാത്ത വീണയും പാടും, കുയിലിന്റെ മണിനാദം കേട്ടു… ആയിരം അജന്താശില്പങ്ങളിൽ…തളിർ വലയോ താമര വളയോ…കസ്തൂരി മണക്കുന്നല്ലോ കാറ്റേ… ചന്ദ്രക്കല മാനത്ത് ചന്ദന നദി താഴത്ത്… ചന്ദ്രരശ്മി തൻ…നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു… സ്‌നേഹ ഗായികേ നിൻ സ്വപ്ന വേദിയിൽ, ഹൃദയമുരുകി കരയില്ലെങ്കിൽ, പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു: അതിങ്ങനെ നീളും.

16 തവണ മികച്ച നാടക സംഗീത സംവിധായകനുള്ള പുരസ്‌കരം നേടിയിട്ടുള്ള, ആയിരത്തിയഞ്ഞൂറോളം സിനിമ ഗാനങ്ങളും അത്രത്തോളം തന്നെ നാടക ഗാനങ്ങളും ഒരുക്കിയിട്ടുള്ള അദ്ദേഹം ഒരു സാധാരണക്കാരനെ പോലെ ജീവിതം കലയ്ക്കു മുന്നിൽ വിനയാനീതനായി നിന്നു.

ഒരു ഇടവേളയ്ക്കു ശേഷം സംവിധായകൻ ജയരാജിന്റെ നവരസ പരമ്പര ചിത്രങ്ങളിൽ വീരം’ എന്ന ചിത്രത്തിലൂടെയാ മാസ്റ്റർ വീണ്ടും സജീവമായത്. ആയിരത്തിയഞ്ഞൂറിലേറെ സിനിമഗാനങ്ങൾ ഒരുക്കിയ, അതിലേറെയും കാലാതിവർത്തിയായ ഹിറ്റുകളാക്കിയ, അർജുനൻ മാസ്റ്റർക്ക് കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരത്തിന് അർഹനാകാൻ അരനൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു.

മധുര്യമേറുന്ന ഗാനങ്ങൾ മലയാളിലേക്ക് പെയ്തിറക്കിയ മാഷിന്റെ സംഗീതം മലയാളി ഉള്ളിടത്തോളം മറക്കില്ല…നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More