കാസർ​ഗോട്ടെ ആദ്യ കൊവിഡ് രോ​ഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള കാസർ​ഗോഡ് ആദ്യ രോഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു. കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിൽ ജില്ലക്കാരായ 138 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

കാസർ​ഗോഡ് ജനറൽ ആശുപത്രിയിലെ ആറ് പേർ, ജില്ലാ ആശുപത്രിയിലെ മൂന്ന് പേർ, പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ് പേർ എന്നിങ്ങനെ 15 കൊവിഡ് ബാധിതരാണ് ഇന്ന് ആശുപത്രി വിട്ടത്. കാസർ​ഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് 10 കൊവിഡ് ബാധിതരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഒരാളും പരിയാരം ഗവ. മെഡിക്കൽ കോളജിൽ നിന്ന് എട്ടുപേരും രോഗം ഭേദമായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 22 ആയി. രോഗം സ്ഥിരീകരിച്ച 160 പേരിൽ ഇപ്പോൾ 138 പേരാണ് ചികിത്സയിലുള്ളത്.

മാർച്ച് 16ന് രണ്ടാം ഘട്ടത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കളനാട് സ്വദേശിയും ഇന്ന് ആശുപത്രി വിട്ടു. മാർച്ച് 14 ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ ഇയാളിൽ നിന്ന് രണ്ട് ദിവസത്തിനിടെ ഇരുപതോളം പേർക്കാണ് വൈറസ് ബാധയുണ്ടായത്. ഇയാളുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ടവരും ആശുപത്രി വിട്ടവരുടെ കൂട്ടത്തിലുണ്ട്. ഇന്ന് കൂടുതൽ പേരുടെ തുടർപരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രതീക്ഷ.

ജില്ലയിൽ 10746 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 272 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലും നീരിക്ഷണത്തിലാണ്.554 സാമ്പിൾ പരിശോധനാ ഫലങ്ങൾ കൂടി ഇനി ലഭ്യമാകാനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top