ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ചാണ് ഈസ്റ്റർ ആചരണം. വിശ്വാസി പങ്കാളിത്തമില്ലാതെയാണ് പള്ളികളിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ നടന്നത്.

പ്രത്യാശയുടെ തിരുന്നാളാണ് വിശ്വാസികൾക്ക് ഈസ്റ്റർ. വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ഈസ്റ്റർ പ്രാർത്ഥനകൾ നടന്നത്. വിശ്വാസികൾക്കായി പ്രാർത്ഥനകളുടെ ലൈവ് സ്ട്രീമിംഗ് ഏർപെടുത്തിയിരുന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ നടന്ന ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.

പാളയം പള്ളിയിൽ നടന്ന ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം സുസേപാക്യം നേതൃത്വം വഹിച്ചു.

എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ പള്ളിയിൽ വരാപ്പുഴ അതിരൂപതാ അധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രാർത്ഥനകൾ നിർവഹിച്ചു. മുളന്തുരുത്തി സെമിനാരിയിൽ നടന്ന പ്രാർത്ഥനകൾക്ക് യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മുഖ്യകാർമികനായി.

പരുമല പള്ളിയിൽ നടന്ന ഈസ്റ്റർ ദിന പ്രാർത്ഥനകൾക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതീയൻ നേതൃത്വം നൽകി.

കോട്ടയം സെന്റ് ജെയിംസ് ചാപ്പലിൽ നടന്ന ഈസ്റ്റർ ആരാധനയ്ക്കും കുർബാനയ്ക്കും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ ഉമ്മൻ മുഖ്യ കാർമികനായി.

പുലാത്തീനിൽ നടന്ന ഉയിർപ്പ് ഞായർ പ്രാർത്ഥനകൾക്ക് മാർത്തോമ്മ സഭാധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത നേതൃത്വം നൽകി. തിരുവനന്തപുരം ബിഷപ്പ് ഹൗസ് ചാപ്പലിൽ ഈസ്റ്റർ ശുശ്രൂഷകർക്ക് കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് നേതൃത്വം നൽകി.

Story highlight: Christians around the world celebrate Easter today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top