Advertisement

പത്തനംതിട്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് വാഹനങ്ങളുടെ നീണ്ട നിര

April 15, 2020
Google News 1 minute Read

പത്തനംതിട്ട ജില്ലയിൽ ലോക്ക് ഡൗൺ ലംഘിച്ച് വാഹനങ്ങളുടെ നീണ്ട നിര. ജില്ലയുടെ വിവിധ ഇടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. നിരത്തുകളിൽ വാഹനങ്ങൾ വർദ്ധിച്ചതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസും നന്നേ പാട് പെട്ടു. കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലാണ് പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടത്.

വിഷു ഈസ്റ്റർ ദിവസങ്ങൾക്ക് മുൻപ് സമാനമായ വാഹനത്തിരക്ക് ജില്ലയിൽ രൂപപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ അടക്കമുള്ള ഉദ്യോഗസ്ഥർ എത്തിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. അത്യാവശ്യ കാര്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് ഇളവ് നൽകുന്നുണ്ടെങ്കിലും ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികളാണ് സ്വീകരിക്കുന്നത്.

പത്തനംതിട്ടയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ പ്രതിദിനം ശരാശരി മുന്നൂറിൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സാമൂഹ്യ അകലവും നിർദേശങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ചിലരെങ്കിലും ഇത് അനുസരിക്കുന്നില്ല എന്നതാണ് സത്യം.

കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ ഗതാഗതത്തിരക്ക് രൂക്ഷമായിരുന്നു. വിഷുത്തിരക്ക് മുന്നിൽ കണ്ട് വേണ്ട മുന്നൊരുക്കങ്ങൾ സ്വീകരിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് ആളുകൾ എത്തിയത് പൊലീസിനെ വലച്ചു.

അതേ സമയം, ജില്ലയിൽ കൊവിഡ് ഭീഷണി സാവധാനം ഒഴിയുകയാണ്. ഇന്നലെ 300 സാമ്പിളുകൾ കൂടി നെഗറ്റീവായിരുന്നു. ആകെ 12 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 6 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 4 പേരും അടൂർ ജനറൽ ആശുപത്രിയിൽ 2 പേരും നിരീക്ഷണത്തിലുണ്ട്.

Story Highlights: pathanamthitta lockdown vehicles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here