സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കൊവിഡ് ഭീഷണി പൂര്‍ണമായും ഒഴിവാകാത്ത സാഹചര്യത്തില്‍ കര്‍ശന മുന്‍കരുതലുകളോടെയാണ് അനുമതി നല്‍കുന്നത്. എല്ലാവരും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. സ്ഥാപനങ്ങളുടെ പരിസരവും വാഹനങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കണം. തൊഴിലാളികള്‍ക്ക് സാമൂഹിക അകലം പാലിച്ച് എത്താന്‍ പ്രത്യേക വാഹന സംവിധാനം ഏര്‍പ്പെടുത്തണം. സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും വാതില്‍ ക്രമീകരിക്കണം. വാതിലുകളില്‍ തെര്‍മല്‍ സ്‌കാനിംഗിനുള്ള സംവിധാനം നിര്‍ബന്ധമായും ഒരുക്കണം. തൊഴിലാളികള്‍ മാസ്‌കുകളും ആവശ്യമെങ്കില്‍ കൈയുറകളും ധരിക്കണം.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. കൊവിഡ് ഉള്‍പ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തണം. ജോലിക്കിടയിലെ ഷിഫ്റ്റുകള്‍ തമ്മില്‍ ഒരു മണിക്കൂര്‍ ഇടവേള വേണം. തൊഴിലിടങ്ങളില്‍ പത്തിലധികം പേര്‍ ഒത്തുചേരുന്നത് ഒഴിവാക്കണം. ജോലിക്കിടയിലെ ഷിഫ്റ്റുകള്‍ തമ്മില്‍ ഒരു മണിക്കൂര്‍ ഇടവേള വേണം. ജീവനക്കാരുടെ സീറ്റുകള്‍ തമ്മില്‍ കുറഞ്ഞത് ആറടി അകലമുണ്ടായിരിക്കണം.

ലിഫ്റ്റുകളില്‍ ഒരു സമയം നാലില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്. പുറത്തു നിന്നുള്ളവരെ അത്യാവശ്യത്തിനല്ലാതെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും കര്‍ശനമായി നിരോധിക്കണം. കൊവിഡ് ചികിത്സ ലഭ്യമായ സമീപത്തെ ആശുപത്രികളുടെ വിവരം സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സിസിടിവി നിരീക്ഷണത്തിലായിരിക്കണം. വ്യവസായ സ്ഥാപനങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ച് പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍ പിന്‍വലിക്കും.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top