തിരുവനന്തപുരത്ത് കൊവിഡ് ഭേദമായ ഇറ്റാലിയൻ പൗരൻ നിരീക്ഷണ കാലാവധി പൂർത്തിയാക്കി ആശുപത്രി വിട്ടു

തിരുവനന്തപുരത്ത് കൊവിഡ് ഭേദമായ ഇറ്റാലിയൻ പൗരൻ റോബർട്ടോ ടൊണോസൊ നിരീക്ഷണ കാലാവധി പൂർത്തിയാക്കി ആശുപത്രി വിട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രനും, ജില്ലാ കളക്ടറും ആരോഗ്യ പ്രവർത്തകരും ചേർന്ന് യാത്രയപ്പ് നൽകി. മികച്ച ചികിത്സയും പരിചരണവുമാണ് തനിക്ക് ലഭിച്ചതെന്നും കേരളം വീടുപോലെയാണ് ഇനിയും കേരളത്തിലേക്ക് വരുമെന്നും റോബർട്ടൊ ടൊണോസൊ പ്രതികരിച്ചു.

ഇറ്റലിയിൽ നിന്ന് ഫെബ്രുവരി 28ന് പുലർച്ചെ വർക്കലയിലെത്തിയ റോബർട്ടോ ടൊണോസൊയക്ക് മാർച്ച് 13നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലെ സ്ഥിരം സന്ദർശകനായ അദ്ദേഹം അതിനോടകം വർക്കല മേഖലകളിൽ വ്യാപകമായി സഞ്ചരിക്കുകയും നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തു. ഡി.ജെ പാർട്ടികളിലും ക്ഷേത്ര ഉത്സവങ്ങളിലും പങ്കെടുത്തു. ലഭിച്ച വിവരങ്ങൾ മാത്രം വെച്ചുള്ള റൂട്ട് മാപ്പ് പുറത്തിറക്കിയാണ് ജില്ലാ ഭരണകൂടം വർക്കലയിൽ പ്രതിരോധ നടപടികൾ തീർത്തത്. ഫലം, റോബർട്ടോയിൽ നിന്ന് ഒരാൾക്കും രോഗം പടർന്നില്ല.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന റോബർട്ടോയ്ക്ക് മാർച്ച് 26ന് കൊവിഡ് നെഗറ്റീവായി. 28 ദിവസം നിരീക്ഷണം പൂർത്തിയാക്കേണ്ടതിനാൽ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ജനറൽ ആശുപത്രിലേക്ക് മാറ്റുകയും, അവിടെയാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കുകയും ചെയ്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ കെ.ശ്രീകുമാർ എന്നിവരും ആരോഗ്യ പ്രവർത്തകരും ചേർന്ന് റോബോർട്ടയോയ്ക്ക് യാത്ര അയപ്പ് നൽകി.

കേരളത്തോട് നന്ദി പറഞ്ഞ റൊബർട്ടോ ടൊണോസൊ,തനിക്ക് മികച്ച ചികിത്സയും, പരിചരണവുമാണ് ലഭിച്ചതെന്നും കേരളം വീടു പോലെയാണെന്നും പ്രതികരിച്ചു. ബാംഗ്ലൂരിലേക്ക് തിരിച്ച റൊബർട്ടൊ ടൊണോസൊ ഇറ്റലിയിലെ സാഹചര്യം അത്ര ശുഭകരമല്ലെന്നും കൂട്ടിച്ചേർത്തു. കേരളം ലോകത്തിന് തന്നെ മാതൃകയെന്നും, ഇത് മുന്നോട്ട് കൊണ്ട് പോകണമെന്നും, ആരോഗ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

Story Highlights: italian native discharged from hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top