സംസ്ഥാനത്ത് ആറ് പുതിയ ബാറുകൾ കൂടി തുറക്കാൻ അനുമതി

സംസ്ഥാനത്ത് ആറ് പുതിയ ബാറുകൾ കൂടി തുറക്കാൻ അനുമതി. മലപ്പുറത്തും വയനാട്ടിലും രണ്ടു വീതവും തൃശൂരും കണ്ണൂരും ഓരോ ബാറുകളുമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം പുതുതായി ബാറുകൾക്ക് അനുമതി നൽകിയ നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാമെന്ന ഇടതു മുന്നണിയുടെ നയപരമായ നിലപാടിന്റെ തുടർച്ചയായിട്ടാണ് ബാറുകൾക്ക് അനുമതി നൽകാൻ തീരുമാനമായത്. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ രണ്ട് ബാറുകൾക്കും, പൊന്നാനിയിലും മലപ്പുറത്തുമായി രണ്ട് ബാറുകൾക്കും, കണ്ണൂരിലും, തൃശൂരിലും ഓരോ ബാറുകൾക്കുമാണ് അനുമതി നൽകിയിട്ടുള്ളത്.

Read Also : എറണാകുളം ജില്ലയിൽ വൻ ചാരായ വേട്ട; 115 ലിറ്റർ വാഷ് പിടികൂടി

ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ബാറുകൾക്ക് അനുമതി നൽകിയതെന്നും,ലൈസൻസ് ഫീസ് അടച്ചത് ഏപ്രിൽ മാസത്തിലാണെന്നും എക്‌സൈസ് വകുപ്പ് വിശദീകരിക്കുന്നു .മാർച്ച് 10 ന് തൃശൂരിൽ ബാറിന് അനുമതി നൽകിയ ശേഷം ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടില്ല എന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. കൊവിഡ് കാലത്ത് ബാർ ലൈസൻസ് അപേക്ഷകളൊന്നും പരിഗണിച്ചിട്ടില്ലെന്നും നേരത്തേ സമർപ്പിച്ച അപേക്ഷയാണ് ഇക്കാര്യത്തിൽ പരിഗണിച്ചതെന്നും വിശദീകരിക്കുന്നുണ്ട്. പുതുതായി അനുവദിച്ച ബാറുകൾ ലോക്ക് ഡൗൺ വിലക്കിന് ശേഷം തുറന്ന് പ്രവർത്തിക്കും.

അതേസമയം ബാറുകൾക്ക് ലൈസൻസ് നൽകിയ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ലോക്ക്ഡൗണിൽ ബാറുകൾ അടച്ചിട്ടാൽ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്ന സർക്കാർ വാദം പൊളിയുകയാണ്. ആളുകൾ പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ട സമയത്ത് പുതിയ മദ്യനയത്തിന് രൂപം നൽകാൻ സർക്കാർ ശ്രമിക്കുന്നത് ശരിയല്ലെന്നും വി.എം.സുധീരൻ കത്തിൽ പറയുന്നു.

അസാധാരണ സാഹചര്യത്തിലെടുത്ത അസാധാരണ നടപടിയാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Story Highlights- bar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top