പിപിഇ കിറ്റ്, എന്‍95 മാസ്‌ക്ക്, വെന്റിലേറ്റര്‍ എന്നിവ സ്വയം ഉത്പാദിപ്പിച്ച് കേരളം; വ്യവസായ മേഖലയുടെ ഇടപെടൽ പ്രശംസനീയമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ നമ്മുടെ വ്യവസായ മേഖലയുടെ ഇടപെടൽ പ്രസംശസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം മുഴുവന്‍ മെഡിക്കല്‍ വസ്തുക്കളായ പിപിഇ കിറ്റ്, എന്‍95 മാസ്‌ക്ക്, വെന്റിലേറ്റര്‍ എന്നിവയ്ക്ക് ക്ഷാമം നേരിടുമ്പോള്‍ കേരളത്തിലെ വ്യവസായികള്‍ അവ സ്വയം ഉത്പാദിപ്പിക്കാന്‍ സന്നദ്ധരായി. ഇത് സംസ്ഥാനത്തിന്റെ ആകെ നേട്ടമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചി ആസ്ഥാനമായുളള കിറ്റക്‌സ് ഗാര്‍മെന്റ്‌സ് പിപിഇ കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡപ്രകാരം നിര്‍മിച്ചതാണിവ. പ്രതിദിനം 20,000 കിറ്റ് ഉണ്ടാക്കാനുളള ശേഷി ഇവര്‍ക്കുണ്ട്. മറ്റൊരു പ്രധാന നേട്ടം കേരളത്തില്‍ തന്നെ എന്‍95 മാസ്‌ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന വ്യവസായം തുടങ്ങാന്‍ കഴിഞ്ഞു എന്നതാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറോഫില്‍ ഫില്‍ട്ടേഴ്‌സ് ഇന്ത്യ, സര്‍ക്കാരിന്റെ കീഴിലുള്ള മേക്കര്‍ വില്ലേജിന്റെ സഹായത്തോടെയാണ് എന്‍95 മാസ്‌ക്ക് വികസിപ്പിച്ചെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്വാളിയര്‍ ലാബിന്റെ അനുമതി കിട്ടിയാല്‍ ഉത്പാദനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെന്റിലേറ്ററുകളുടെ ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തെ നേരിടാനാണ് ഇന്ത്യയില്‍ വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ കഴിയുമോ എന്ന് വ്യവസായികളോട് സര്‍ക്കാര്‍ ആരാഞ്ഞത്. ഈ ദൗത്യം ഇന്ത്യയിലെ തന്നെ, ഇലക്ട്രോണിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. അവരുടെ കൊച്ചിയിലെ ഗവേഷണ കേന്ദ്രത്തിലെ എന്‍ജിനീയര്‍മാരുടെ പരിശ്രമ ഫലമായി പത്തു ദിവസങ്ങള്‍ക്കുളില്‍ തന്നെ അന്താരാഷ്ട്ര ഗുണനിലവാരും പുലര്‍ത്തുന്ന വെന്റിലേറ്റര്‍ വിജയകരമായി വികസിപ്പിച്ചെടുത്തു. കേരളത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഈ വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായാണ് അറിയാന്‍ കഴിഞ്ഞത്. നിയമാനുസൃതമായ എല്ലാ അനുമതികളും കരസ്ഥമാക്കി ഉയര്‍ന്ന ഗുണനിലവാരവും വിലക്കുറവുമുള്ള ഈ വെന്റിലേറ്റര്‍ ലഭ്യമാക്കാന്‍ സാധ്യമാകും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ജിക്കല്‍ ഗ്ലൗസിന്റെ ഉത്പാദനം സംസ്ഥാനത്ത് മികച്ച രീതിയില്‍ നടക്കുന്നുണ്ട്. കിന്‍ഫ്രാ പാര്‍ക്കിലെ യുബിയോ ഗൈ കമ്പനി കൊവിഡ്-19 ന്റെ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഐസിഎംആര്‍ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. ഇതെല്ലാം കൊവിഡ് 19 കാലത്തെ നേരിടാന്‍ എങ്ങനെ നമ്മുടെ വ്യവസായ ലോകം തയാറായി എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

Self-generating PPE Kit, N95 Mask and Ventilator, Kerala; CM praised the intervention of the industry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top