കൊവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം സഞ്ചരിച്ചു; ഈരാറ്റുപേട്ടയില്‍ നാലു പേരെ നിരീക്ഷണത്തിലാക്കി

കൊവിഡ് ബാധ സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം സഞ്ചരിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നാലു പേരെ നിരീക്ഷണത്തിലാക്കി. ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച മൂലമറ്റം സ്വദേശിക്കൊപ്പം വാഹനത്തില്‍ സഞ്ചരിച്ചവരാണ് ഈ നാലുപേരും. മൂന്ന് കടുവാമൂഴി സ്വദേശികളും മുട്ടംകവല സ്വദേശിയായ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ നാലു പേര്‍ക്കും രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരെ ആശുപത്രി ഐസൊലേനിലേയ്ക്ക് മാറ്റും. പച്ചക്കറി വ്യാപാരിയായ മുട്ടംകവല സ്വദേശിയുടെ വാഹനത്തിൽ മൂലമറ്റത്തെ രോഗി യാത്ര ചെയ്തിരുന്നു. ഇയാള്‍ ഇറങ്ങിയതിനു തൊട്ടുപിന്നാലെ ഇതേ വാഹനത്തില്‍ സഞ്ചരിച്ചവരാണ് മറ്റ് മൂന്നു പേര്‍.

ജില്ലയിലെ രോഗികളുടെ എണ്ണം മൂന്നായി ഉയർന്നതോടെ കോട്ടയത്ത് പരിശോധനകൾ കർശനമാക്കിയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ജോലി ചെയ്ത കോട്ടയം മാർക്കറ്റ് അണുവിമുക്തമാക്കി. ഇയാളുമായി സമ്പർക്കത്തിൽ വന്നു എന്ന് കരുതുന്ന 50 പേരുടെ സ്രവങ്ങൾ കൂടി പരിശോധനയ്ക്ക് അയക്കും.

ലോക്ക് ഡൗൺ കാലത്തും ഏറെ തിരക്കുണ്ടായിരുന്ന കോട്ടയം ചന്തയിലെ ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ജില്ലയിൽ ഉണ്ടാക്കിയത്. ഇതോടെ ഇന്നലെ ജില്ലാഭരണകൂടം അടച്ചുപൂട്ടിയ കോട്ടയം മാർക്കറ്റ് രാവിലെ അണുവിമുക്തമാക്കി. അഗ്നിശമന സേനയുടെ സഹായത്തോടെ മാർക്കറ്റ് ശുചിയാക്കിയെങ്കിലും ആശങ്കയ്ക്ക് വിരാമമായില്ല. അവശ്യവസ്തുക്കളുടേത് ഉൾപ്പെടെ ഒരു കച്ചവട സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയില്ല. ചരക്കുലോറികൾ എത്തിക്കുന്നത് ഇന്നലെ തന്നെ വിലക്കിയിരുന്നു.

പാലക്കാട് നിന്ന് ലോഡുമായി കോട്ടയത്തെത്തി മടങ്ങിയ ഡ്രൈവറിൽ നിന്നാണ് ചുമട്ട് തൊഴിലാളിക്ക് രോഗം പകർന്നത് എന്നാണ് പ്രാഥമിക നിഗമനം. ഇത് ഉറപ്പാക്കാൻ ഡ്രൈവറുടെ സ്രവ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. തൊഴിലാളിയുമായി സമ്പർക്കത്തിൽ വന്ന 50 പേരുടെ സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. ഇയാളുമായി ബന്ധപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം.

Story Highlights: 3 people in quarantine in erattupetta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top