പ്രവാസികളെ തിരിച്ചെത്തിക്കാന്‍ 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാനങ്ങള്‍

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ 12 രാജ്യങ്ങളില്‍ നിന്നായി 64 വിമാനങ്ങള്‍ ഇന്ത്യയിലെത്തും. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തിരിച്ചെത്തിക്കല്‍ നടപടിയാണ് നടക്കുന്നത്. നാലരലക്ഷം പ്രവാസികളെ രണ്ട് ഘട്ടങ്ങളിലായി തിരിച്ചെത്തിക്കാനാണ് നീക്കം. വിമാനസര്‍വീസുകള്‍ വഴിയായും കപ്പലിലും പ്രവാസികളെ തിരിച്ചെത്തിക്കും.
മെയ് ഏഴാം തിയതി മുതല്‍ 14 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയാകും തിരികെ എത്തിക്കുക. 64 വിമാന സര്‍വീസുകളാണ് നടത്തുക. ഗള്‍ഫ് മേഖലയില്‍ നിന്ന് തുടര്‍ച്ചയായി വിമാന സര്‍വീസുകള്‍ ഉണ്ടാകും.
ആദ്യ ദിവസമായി മെയ് ഏഴിന് നാല് വിമാനങ്ങളാണ് കേരളത്തില്‍ എത്തുക. അബുദാബി – കൊച്ചി, ദുബായ് – കോഴിക്കോട്, ദോഹ – കൊച്ചി, റിയാദ് – കൊച്ചി വിമാനങ്ങളാണ് ഏഴിന് കേരളത്തില്‍ എത്തുക. രണ്ടാമത്തെ ദിവസം മനാമയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം എത്തും. മൂന്നാമത്തെ ദിവസം കുവൈറ്റ് – കൊച്ചി, മസ്കറ്റ് – കൊച്ചി വിമാനങ്ങള്‍ എത്തും. നാലാം ദിവസം ദോഹ – തിരുവനന്തപുരം, കോലാലമ്പൂര്‍ – കൊച്ചി വിമാനങ്ങള്‍ എത്തും. അഞ്ചാം ദിവസം ദമാം – കൊച്ചി, മനാമ – കോഴിക്കോട്, ദുബായ് – കൊച്ചി വിമാനങ്ങള്‍ എത്തും. ആറാം ദിവസം കോലാലമ്പൂര്‍ – കൊച്ചി, കുവൈറ്റ് – കോഴിക്കോട്, ജിദ്ദ – ഡല്‍ഹി വിമാനങ്ങളും എത്തും.
കേരളത്തിലേക്ക് വിമാനങ്ങള്‍ എത്തുന്നതിന് സമാനമായി രാജ്യത്തെ വ്യത്യസ്തമായ ഏയര്പോര്ട്ടുകളിലേക്കും വിമാനങ്ങള്‍ എത്തുന്നുണ്ട്. ചെന്നൈ, മുംബൈ, ഹൈദരാബാദ്, അമ്മദാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ഉണ്ടാകും.
എംബസികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികളെ മുന്‍ഗണനാ ക്രമത്തിലാണ് തിരികെ എത്തിക്കുക. ആരോഗ്യ പ്രശ്നമുള്ളവര്‍, ഗര്‍ഭിണികള്‍, വീസാ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ബന്ധപ്പെടും.
Story Highlights: coronavirus, Expatriate, Lockdown,