കേരളത്തിലേക്ക് വരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 180540 പേർ; അതിർത്തിയിലെ സ്വീകരണങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിലേക്ക് വരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 180540 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 25410 പേർക്ക് പാസ് നൽകി. അവരിൽ 3363 പേർ സംസ്ഥാനത്ത് തിരികെ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

രാജ്യത്ത് രോഗബാധ തീവ്രമായ പ്രദേശങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും ജാഗ്രതയും സംസ്ഥാനം പുലർത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ റെഡ് പ്രദേശങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും ഒരാഴ്ച സർക്കാർ ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തിൽ കഴിയണം. അതിർത്തിയിൽ രോഗലക്ഷം കാണിക്കുന്നില്ലെങ്കിൽ വരുന്നവർക്ക് നേരെ വീട്ടിലേക്ക് പോകാമെന്നായിരുന്നു നേരത്തെ നൽകിയ നിർദ്ദേശം. ഇതിനാണ് മാറ്റം വരുത്തിയത്. നിരീക്ഷണ കേന്ദ്രത്തിൽ ഏഴു ദിവസം തുടരണം. ഏഴാം ദിവസംപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരെ വീടുകളിലേക്ക് അയക്കും. പോസിറ്റീവ് ആയാൽ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റും. വീടുകളിൽ പോകുന്നവർ വീണ്ടും ഒരാഴ്ച വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോർക്കയിൽ രജിസ്റ്റർ ചെയ്ത് അതിർത്തിയിൽ എത്തുന്നവർ അവിടെ കുടുങ്ങി കിടക്കാൻ പാടില്ല. ചിലർ അവിടെ നിന്ന് പാസ് വാങ്ങി ഇവിടെ പാസ് വാങ്ങാതെ വരുന്നുണ്ട്. അത് പാടില്ല. രണ്ടിടത്തെ പാസും നിർബന്ധമാണ്. അതിർത്തികളിൽ നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. അതിർത്തിയിൽ സ്വീകരണ പരിപാടികൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: norka 180540 registered 3363 returned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top