തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ച സംഭവം; വേദനാജനകമെന്ന് ആരോഗ്യമന്ത്രി

nurse died thrissur

തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിലൂടെ ആരോഗ്യമന്ത്രി ഡോണക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഡോണയുടെ മരണത്തിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും ശൈലജ ടീച്ചർ കുറിച്ചു.

Read Also: തൃശൂരിൽ ആംബുലൻസ് മറിഞ്ഞ് നഴ്സ് മരിച്ചു; ഡ്രൈവർക്ക് ​ഗുരുതര പരുക്ക്

ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് കുറിപ്പ്:

ഡോണ വർഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്. അത്യാസന്ന നിലയിലുള്ള രോഗിയുടെ അടുത്തേക്ക് പുറപ്പെട്ട 108 ആംബുലൻസ് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകട മരണം സംഭവിക്കുകയായിരുന്നു. രണ്ട് ആഴ്ചയായി അന്തിക്കാട് ആശുപത്രിയിലെ 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോണ വർഗീസ്. ഡോണയുടെ മരണത്തിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.

ആദരാഞ്ജലികൾ..

ഗവ. ആശുപത്രിയിലെ ‘108’ ആംബുലൻസ് അപകടത്തിൽ പെട്ട് പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ (23) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 6.45ന് അന്തിക്കാട് ആൽ സ്റ്റോപ്പിനു സമീപമാണ് അപകടം. ഒരാൾക്ക് പരുക്കേറ്റു.

രോഗിയെ കൊണ്ടുവരാൻ വീട്ടിലേക്ക്‌ പോകുമ്പോഴായിരുന്നു അപകടം. എതിരേ വന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രം വിട്ട ആംബുലൻസ് റോഡരികിലെ വീട്ടുമതിലിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, തിങ്കളാഴ്ച രാത്രിയോടെ ഡോണ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ അന്തിക്കാട് സ്വദേശി അജയ്‌കുമാർ (29) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights: staff nurse died ambulance accident kk shailaja teacher

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top