ഒരു വർഷമായി ജോലിക്ക് ഹാജരാവാത്ത സംഭവം; രാജുനാരായണ സ്വാമി നൽകിയ മറുപടി പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു

raju narayanaswami

മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജുനാരായണ സ്വാമി സർക്കാരിന് നൽകിയ മറുപടി പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് സമിതി അധ്യക്ഷൻ. ജോലിക്ക് ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം നൽകിയ മറുപടി പരിശോധിക്കാനാണ് സർക്കാർ സമിതിയെ നിയോഗിച്ചത്.

ഒരു വര്‍ഷമായി അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാജു നാരായണസ്വാമിക്കെതിരെ സർക്കാർ അച്ചടക്ക നടപടിക്ക് നീക്കം തുടങ്ങിയിരുന്നു. ഒരു വർഷത്തെ വിട്ടു നിൽക്കൽ രാജിവച്ചതായി കണക്കാക്കണമെന്ന അഖിലേന്ത്യാ സര്‍വീസ് ചട്ടം അനുസരിച്ചാണ് നടപടി. അനധികൃത അവധിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി രാജുനാരായണ സ്വാമിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഏപ്രിൽ 22, 25 തീയതികളിൽ അദ്ദേഹം നൽകിയ മറുപടിയാണ് ഉന്നതതല സമിതി പരിശോധിക്കുക. വിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ആശാ തോമസ്, ദേവേന്ദ്രകുമാർ സിംഗ്, രാജേഷ് കുമാർ സിംഗ് എന്നിവർ അംഗങ്ങളാണ്.

നാളികേര വികസനബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് 2019 മാര്‍ച്ച് ഏഴിന് കേന്ദ്രം രാജുനാരായണ സ്വാമിയെ മാറ്റിയിരുന്നു. അതിനുശേഷം ഇതുവരെ അദ്ദേഹം സംസ്ഥാന സര്‍വീസില്‍ തിരികെ പ്രവേശിച്ചിട്ടില്ല. സംസ്ഥാന ചീഫ് സെക്രട്ടറി പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു എന്നാരോപിച്ച് രാജു നാരായണ സ്വാമി അടുത്തിടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

read also:ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല; നിയമാനുസൃതമെന്ന് ഹൈക്കോടതി

എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് കേന്ദ്രം കത്തയച്ചിരുന്നു. ദീർഘനാൾ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ജനുവരി 24ന് അയച്ച കത്തിൽ പറഞ്ഞിരുന്നു. കത്തിനുള്ള മറുപടി 15 ദിവസത്തിനുള്ളിൽ ലഭിക്കാത്ത പക്ഷം ഒന്നും പറയാനില്ലെന്ന് കണക്കാക്കി അച്ചടക്ക നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Story highlights-raju narayana swami high level committee investigation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top