സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത

rain kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും പരക്കെ മഴയ്ക്ക്സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ തിരുവനന്തപുരത്തെ പല മേഖലകളും വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായി. വീടുകള്‍ക്കും ഭാഗികമായി നാശനഷ്ടമുണ്ടായി. ഇടിമിന്നലിനും ചില നേരങ്ങളില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്ത മഴ തിരുവനന്തപുരം ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തി.തൊളിക്കോട്, ചെട്ടിയാന്‍പാറ വാര്‍ഡിലെ മേത്തോട്ടം ഭാഗത്ത് ഉരുള്‍പൊട്ടി.ചെറു പാറകഷ്ണങ്ങളും, മണ്ണും, വെള്ളവുമായി താഴേക്ക് പൊട്ടിയെത്തുകയായിരുന്നു. ആളപായമൊവീടുകള്‍ക്ക് നാശനഷ്ടമോ ഇല്ല.

രാവിലെ ഒന്‍പത് മണിയോടെ മഴ ശമിച്ചെങ്കിലും ജില്ലയുടെ നഗര മലയോര മേഖലകള്‍ വെള്ളത്തിനടിയിലായി. ചാല, അട്ടകുളങ്ങര, കരിമഠം കോളനി, ബണ്ട് കോളനി എന്നിവടങ്ങളില്‍ വീടുകളില്‍ മുട്ടളവില്‍ വെള്ളം കയറി. ഗ്രാമമേഖലകളായ കുറ്റിച്ചല്‍, കോട്ടൂര്‍, മൈലോട്ട് മൂഴി, നെടുമങ്ങാട്, ആര്യനാട് തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷിയിടങ്ങളിലും, വീടുകളിലും വെള്ളം കയറി. വാമനപുരം നദി കരകവിഞ്ഞൊഴുകി.

read also:തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു

നെയ്യാര്‍ഡാമിലെ മത്സ്യ വിത്തുല്‍പാദന കേന്ദ്രം വെള്ളത്തിനടിയിലായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കൃഷി നാശത്തിന് പുറമെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. നെയ്യാര്‍ ഡാം സ്വദേശി കൃഷ്ണന്‍കുട്ടിയുടെ വീടിന്റെ പുറക് വശം ഇടിഞ്ഞ് ആറ്റിലേക്ക് പോയി. പേയാട് പള്ളിമുക്കിന് സമീപം ഒരു വീട് തകര്‍ന്നു.പലയിടത്തും വീടിനോട് ചേര്‍ന്നുള്ള മണ്ണിടിഞ്ഞ് പോയതും ഭീഷണി ഉയര്‍ത്തുന്നു. വൃഷ്ടി പ്രദേശത്തെ ശക്തമായ മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി. കരമനയാറ് കരകവിഞ്ഞ് ഒഴുകുകയാണ്. ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Story highlights-potential for Heavy rains in state for next five days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top