കുടുംബവുമായി അകന്നു കഴിയുകയായിരുന്ന മധ്യവയസ്‌ക്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കുടുംബവുമായി അകന്നു കഴിയുകയായിരുന്ന മധ്യവയസ്‌ക്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം, കൊറ്റൻകര, കല്ലുവിള പുത്തൻവീട്ടിൽ തങ്ങൾ കുഞ്ഞിന്റെ മൃതദേഹമാണ് ഉമയനല്ലൂർ പുതുച്ചിറ പെരുംകുളം ഏലയിൽ കത്തിക്കരിഞ്ഞ് വികൃതമായ നിലയിൽ കണ്ടെത്തിയത്.

രാവിലെ പോത്തിനെ കെട്ടുന്നതിനായി ഏലയിൽ എത്തിയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇവർ കൊട്ടിയം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊട്ടിയം സിഐ ദിലീഷ് എസ്‌ഐ മാത്യു സീനു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹത്തിനടുത്തുണ്ടായിരുന്ന പേഴ്‌സിൽ നിന്നും ലഭിച്ച ഐഡി കാർഡിലെ മേൽവിലാസത്തിൽ പൊലീസ് വിവരം ധരിപ്പിക്കുകയും ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിയുകയുമായിരുന്നു.

രണ്ട് ദിവസം മുമ്പ് താഹാ മുക്കിലുള്ള ചേട്ടന്റെ വീട്ടിൽ തങ്ങൾ കുഞ്ഞ് വന്നിരുന്നു. അതിനു ശേഷം വീട് വിട്ടിറങ്ങിയ ഇയാളെ പിന്നീട് പെരുംകുളം ഏലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ടും മക്കളുമുള്ള ഇയാൾ നാളുകളായി ഇവരുമായി അകന്നു കഴിയുകയായിരുന്നു. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story highlight: The burned dead body of a middle-aged man

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top