രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 9000 കടന്ന് കൊവിഡ് കേസ്

രാജ്യത്ത് കൊവിഡ് കേസുകളും മരണസംഖ്യയും കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകൾ 9000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധന റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 9851 പോസിറ്റീവ് കേസുകളും 273 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് 83 ശതമാനം മരണങ്ങളും. ചെന്നൈയിൽ ജൂലൈ പകുതിയോടെ ഒന്നര ലക്ഷം കൊവിഡ് കേസുകളും 1600 മരണവും കടന്നേക്കാമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 2,26770 പോസിറ്റീവ് കേസുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ കണക്ക് നോക്കുമ്പോൾ ഒൻപത് ശതമാനം കേസുകളുടെ വളർച്ച. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ജില്ലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മുംബൈ, ചെന്നൈ, താനെ, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നാണ് 45 ശതമാനം പുതിയ കേസുകളും. മരണനിരക്കും രാജ്യത്ത് ഉയരുകയാണ്. 24 മണിക്കൂറിനിടെ 273 പേർ മരിച്ചത് റെക്കോർഡ് സംഖ്യയായി. രാജ്യത്ത് ഇതുവരെ 6348 പേർ മരിച്ചു. ഈയാഴ്ച മാത്രം 18 ശതമാനത്തിന്റെ വളർചയാണ് ഉണ്ടായത്. ഒരാഴ്ചത്തെ മരണനിരക്ക് കണക്കുകൂട്ടുമ്പോൾ ലോകത്ത് അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ് 83 ശതമാനം മരണങ്ങളും. 6.2 ശതമാനത്തോടെ ഗുജറാത്താണ് മരണനിരക്കിൽ ഒന്നാം സ്ഥാനത്ത്.

Read also: തമിഴ്‌നാട് അടക്കം നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

അതേസമയം, രാജ്യത്ത് ഇതുവരെ 1,09461 പേർ രോഗമുക്തരായി. രോഗം ഭേദമായവരുടെ നിരക്ക് 48.27 ശതമാനമായി ഉയർന്നു. കൊവിഡ് പരിശോധനകൾ 43 ലക്ഷം കടന്നു. ഇതുവരെ 43,86,379 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 143,661 സാമ്പിളുകൾ പരിശോധിച്ചെന്നും ഐസിഎംആർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top