Advertisement

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ്; ആരോഗ്യ വകുപ്പ് പ്രത്യേകം അന്വേഷിക്കും

July 1, 2020
Google News 2 minutes Read
cisf covid

കണ്ണൂരില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് വ്യാപനമുണ്ടായതെങ്ങനെയെന്ന് ആരോഗ്യ വകുപ്പ് പ്രത്യേകം അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ വലിയ വെളിച്ചത്തെ സി.ഐ.എസ്.എഫ് ബാരക്ക് അണുവിമുക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സി.ഐ.എസ്.എഫ് ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ന് കണ്ണൂരിലെത്തും.

കണ്ണൂര്‍ വിമാനത്താവളത്തിലെ അന്‍പത് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ കണ്ടെത്തിയത്. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ ബാരക്കില്‍ താമസിച്ചിരുന്നവര്‍ക്കും ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ക്കുമാണ് രോഗം. ബാരക്കിലെ രോഗ വ്യാപനം അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡപ്യൂട്ടി ഡി.എം.ഒ ഇ മോഹനന്റെ നേതൃത്വത്തില്‍ ഒന്‍പത് അംഗ സംഘമാണ് അന്വേഷണം നടത്തുക. കണ്ണൂര്‍ ഡി.ഐ.ജി കെ. സേതുരാമന്‍, എസ്.പി യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ ബാരക്കും പരിസരവും അണുമുക്തമാക്കി.

സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തും. കണ്ണൂര്‍ വിമാനത്താവളത്തില്‍ 320 സി.ഐ.എസ്.എഫ് ജവാന്മാരാണ് ഉള്ളത്. 178 പേരാണ് വലിയ വെളിച്ചത്തെ ബാരക്കില്‍ കഴിയുന്നത്. അവധി കഴിഞ്ഞ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ബാരക്കിലെ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചു. ഇന്നലെ മാത്രം 23 സി.ഐ.എസ്.എഫുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാരക്കില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സി.ഐ.എസ്.എഫുകാര്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് കിയാല്‍ അറിയിച്ചു.

 

Story Highlights: covid among CISF officials; health department will investigate separately

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here