Advertisement

‘കിരീടധാരണം’ നടന്നിട്ട് ഇന്നേക്ക് 31 വർഷം

July 7, 2020
Google News 3 minutes Read
Mohanlal kireedam 31 years

ചാറ്റൽ മഴ. സേതുമാധവനും കീരിക്കാടൻ ജോസും തമ്മിൽ തല്ല്. ആദ്യം നിലനില്പിനായി പൊരുതിയ സേതുമാധവൻ പിന്നീട് വന്യമായ കോപത്താൽ തല്ലിക്കയറുന്നു. ഒടുവിൽ കീരിക്കാടനെ അടിച്ചു വീഴ്ത്തി സേതുമാധവൻ കത്തി കയ്യിലെടുക്കുന്നു. അടുത്തേക്കെത്തുന്ന ആരെയും കുത്തിവീഴ്ത്താനുള്ള കോപവുമായി കത്തി വീശി ആക്രോശിക്കുന്ന സേതുമാധവൻ. നാട്ടുകാരെയും പൊലീസിനെയും സാക്ഷി നിർത്തി അയാൾ കീരിക്കാടനെ കുത്തിക്കൊല്ലുന്നു. പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിലൂടെ അവിടേക്കെത്തുന്ന സേതുമാധവൻ്റെ അച്ഛൻ ഹെഡ്കോൺസ്റ്റബിൾ അച്യുതൻ നായർ. അച്ഛൻ്റെ നേർക്ക് കത്തി ചൂണ്ടി നിൽക്കുന്ന സേതുമാധവൻ. കത്തി താഴെയിടാനുള്ള അയാളുടെ ആദ്യ കല്പന ചെവിക്കൊള്ളാതെ സേതുമാധവൻ കോപം കൊണ്ട് തിളച്ച് നിൽക്കുകയാണ്.

‘നിൻ്റച്ഛനാടാ പറയുന്നത്, കത്തി താഴെയിടാൻ’.- അച്യുതൻ നായർ നിസ്സഹായനായി യാചിക്കുന്നു. സേതുമാധവൻ്റെ കയ്യിൽ നിന്ന് കത്തി നിലത്ത് വീഴുന്നു. സ്വബോധത്തിലെത്തിയ അയാളുടെ കോപം സങ്കടമായി പൊട്ടിയൊഴുകുന്നു. മറുവശത്ത്, ഹതാശയനായി കരയുന്ന അച്യുതൻ നായർ. ഇരുവശങ്ങളിലിരുന്ന് പൊട്ടിക്കരയുന്ന അച്ഛനും മകനും.

മലയാളം കണ്ട ക്ലാസിക്കുകളിൽ ഒന്നായ കിരീടത്തിന് ഇന്ന് വയസ്സ് 31 ആണ്. 1989ൽ ഇതുപോലൊരു ജൂലായ് ഏഴിനാണ് കിരീടം റിലീസാവുന്നത്. ലോഹിതദാസ്, മോഹൻലാൽ, സിബി മലയിൽ, തിലകൻ, മുരളി. ഇതിഹാസങ്ങളുടെ സംഗമമായിരുന്നു കിരീടം. കുടുംബ ചിത്രത്തിൽ തുടങ്ങി വൈകാരികതയുടെ എല്ലാ എലമൻ്റുകളിലൂടെയും സഞ്ചരിച്ച് റിവഞ്ച് ഡ്രാമയിൽ അവസാനിച്ച കിരീടം മാജിക്ക് മലയാളി അന്നോളം കാണാത്ത ഒരു അനുഭവമായിരുന്നു.

സേതു കീരിക്കാടനെയും കൂട്ടരെയും തല്ലുന്നത് അച്ഛനെ രക്ഷിക്കാനാണ്. അവിടെ സർവൈവ് ചെയ്യുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. താൻ പൊലീസുകാരനാവണമെന്ന ആഗ്രഹത്തോടെ നടക്കുന്ന ആളാണെന്നും കീരിക്കാടൻ കുപ്രസിദ്ധ ഗുണ്ടയാണെന്നതുമൊക്കെ അയാൾ മറന്നു. ആരുമല്ലാതിരുന്ന സേതു പിന്നീട് ഗ്രാമത്തിൻ്റെ ഹീറോയാവുന്നു. കീരിക്കാടനെ തല്ലിയോടിച്ച അയാളിൽ ഗ്രാമം ഒരു രക്ഷകനെ കാണുന്നു. അയാൾ മാറിനിന്നിട്ടും ഹൈദ്രോസും രമണനും അയാളെ ആ വിലാസത്തിൽ തളച്ചിടുന്നു. ഇതിനിടയിൽ പ്രണയിനിയെ മറ്റൊരാൾ വിവാഹം കഴിക്കുന്നു. ആകെ തകർന്ന സേതുമാധവനെയാണ് കീരിക്കാടൻ വീണ്ടും ആക്രമിക്കുന്നത്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത സേതു ഒടുവിൽ ഒരു കൊലയാളി കൂടിയാവുന്നു.

വ്യത്യസ്തമായ പ്ലോട്ട് ആണെങ്കിൽ കൂടി എക്സ്ട്രാ ഓർഡിനറിയെന്ന ഗണത്തിൽ പെടുത്താനാവാത്ത ഈ കഥ സിനിമയായി രൂപാന്തരം പ്രാപിച്ചപ്പോൾ പിറന്നത് കാലാനുവർത്തിയായ ഒരു ക്ലാസിക്ക് ആണ്. ലോഹിതദാസിൻ്റെ തിരക്കഥയെ മോഹൻലാലും തിലകനും മത്സരിച്ച് അവതരിപ്പിച്ചതാണ് സിനിമയെ ഇത്ര മികച്ചതാക്കിയത്. ക്ലൈമാക്സ് രംഗത്തിലെ അച്ഛൻ-മകൻ ദൃശ്യം കാണുമ്പോഴൊക്കെ, ഇരുമ്പു കത്തി പച്ച മാംസത്തിലൂടെ പായുന്ന പ്രതീതി കാഴ്ചക്കാരനുണ്ടാവുന്നത് ആ അഭിനേതാക്കൾക്ക് മാത്രം കഴിയുന്ന മാജിക്കാണ്. കഥാപാത്രം കടന്നുപോകുന്ന വൈകാരിക പരിസരങ്ങൾ അങ്ങനെ തന്നെ കാഴ്ചക്കാരനും അനുഭവവേദ്യമാകുന്ന മുഹൂർത്തങ്ങൾ കിരീടത്തെ ഒരിക്കലും മടുക്കാത്ത കാഴ്ചയാക്കുന്നുണ്ട്.

31 വർഷങ്ങൾക്കിപ്പുറവും ആ സിനിമയെപ്പറ്റി സംസാരിക്കപ്പെടുന്നുണ്ട് എന്നതും ഇനിയൊരു 31 വർഷങ്ങൾക്കപ്പുറവും ഈ സിനിമ സംസാരിക്കപ്പെടുക തന്നെ ചെയ്യുമെന്നതുമാണ് ലോഹിതദാസും തിലകനുമൊക്കെ ബാക്കിവച്ചു പോയ ലെഗസി.

Story Highlights Mohanlals kireedam completes 31 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here