ഇന്നത്തെ പ്രധാന വാർത്തകൾ (07-07-2020)
പുറത്താക്കലിന് പിന്നാലെ അവധിക്ക് അപേക്ഷ നൽകി ശിവശങ്കർ; സ്വർണക്കടത്തിൽ പങ്ക് അന്വേഷിക്കും
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഐ.ടി സെക്രട്ടറി എം ശിവശങ്കർ അവധിയിലേക്ക്. പുറത്താക്കൽ നടപടിക്ക് പിന്നാലെ ശിവശങ്കർ ആറ് മാസത്തെ അവധിക്ക് അപേക്ഷ നൽകി. ശിവശങ്കർ പദവിയിലിരിക്കെ കസ്റ്റംസിന്റെ ചോദ്യം ചെയ്യലുണ്ടാകുന്നത് സർക്കാരിന് ക്ഷീണമായേക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് അവധിയിൽ പ്രവേശിക്കുന്നത്.
സെക്രട്ടറിയെ മാറ്റിയതിലൂടെ മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങളെ ശരി വയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇപ്പോൾ നടപടിക്ക് കാരണം മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന ഭയം മൂലമാണ്. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രി ബാലിയാടുകളെ അന്വേഷിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വപ്ന മുൻപും സ്വർണം കടത്തിയതായി അന്വേഷണ സംഘം
എയർ ഇന്ത്യാ സാറ്റ്‌സിൽ ജീവനക്കാരിയായിരിക്കെയും സ്വപ്ന സ്വർണം കടത്തിയതായി സംശയം. സാറ്റ്‌സിലെ കരാർ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വർണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വപ്ന കരാർ ജീവനക്കാരിയായിക്കെ നടന്ന സ്വർണക്കടത്ത് നീക്കങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.
ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. കള്ളക്കടത്ത്, സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. മിർ മുഹമ്മദിന് അധിക ചുമതല നൽകി.
ഇന്ത്യയിൽ ഏഴ് ലക്ഷം കടന്ന് കൊവിഡ് കേസുകൾ
ഇന്ത്യയിൽ കൊവിഡ് കേസുകൾ ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,252പോസിറ്റീവ് കേസുകളും 467 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 719,665 ആയി. മരണസംഖ്യ 20,160 ൽ എത്തി.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്നപേരിലാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ നിന്ന് കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കൾ എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറയുന്നു.
സ്വപ്നയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌നയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കി കസ്റ്റംസ്. സ്വപ്നയ്ക്ക് കോൺസുലേറ്റിൽ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here