ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയ സാമ്പത്തിക കുറ്റവാളികളുടെ പേര് വിവരങ്ങൾ പുറത്ത്

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മനഃപൂർവം കിട്ടാക്കടം വരുത്തിയ സാമ്പത്തിക കുറ്റവാളികളുടെ പേര് വിവരങ്ങൾ പുറത്ത്. ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ആണ് പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

അഞ്ച് കോടിക്ക് മുകളിൽ വായ്പ എടുത്ത് കിട്ടാക്കടം വരുത്തിയ 2,426 അക്കൗണ്ടുകളുടെ വിവരങ്ങൾ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1,47,350 കോടി രൂപയാണ് ഈ വ്യക്തികൾ പൊതുമേഖലാ ബാങ്കുകളിൽ തിരിച്ചടക്കാൻ ഉള്ളത്. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കാനറ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കിൽ നിന്നാണ് ഇവർ കടമെടുത്തിരിക്കുന്നത്. ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് ഏറ്റവും ഉയർന്ന തുക അടയ്‌ക്കേണ്ടത്. 4,644 കോടി രൂപയാണ് ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് അടക്കാനുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കിനാണ് ഇത്ര രൂപയുടെ നഷ്ടം വന്നിരിക്കുന്നത്. തൊട്ടുതാഴെ എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡും റെയ് അഗ്രോ ലിമിറ്റഡുമാണ്. രണ്ട് കമ്പനികളും യഥാക്രമം 1,875, 1,745 കോടി എന്നിങ്ങനെയാണ് അടയ്ക്കാനുള്ളത്.

പൊതുജനങ്ങളുടെ സമ്പാദ്യം തട്ടി എടുത്ത രാജ്യദ്രോഹികളെ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുക എന്നത് ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വർഷങ്ങളായി ഉയർത്തുന്ന അവശ്യമാണ്. ഇതിന്റെ തുടർ നടപടിയായാണ് സാമ്പത്തിക കുറ്റവാളികളുടെ പേര് വിവരങ്ങൾ ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പുറത്തുവിട്ടത്.

Story Highlights all india bank employees association, Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top