കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പിന്റെ ഉത്തരവ്

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ ഡിസ്ചാർജ്് ചെയ്യാമെന്നതാണ് പുതിയ തീരുമാനം. പിസിആർ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഡിസ്ചാർജ് ചെയ്തിരുന്നത്. സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയുളള മാർഗനിർദേശവും ആരോഗ്യവകുപ്പ് പുറത്തിറക്കി

ദിനംപ്രതി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഡിസ്ചാർജ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിരിക്കുന്നത്. രണ്ടാംതവണയാണ് പ്രോട്ടോക്കോളിൽ മാറ്റം കൊണ്ടുവരുന്നത്. പിസിആർ പരിശോധന നടത്തിയായിരുന്നു ഇതുവരെ രോഗികളെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചിരുന്നത്. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ആന്റിജൻ പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ രോഗികളെ വിട്ടയക്കാം. ലക്ഷണങ്ങളില്ലാത്ത രോഗികൾക്കും നേരിയ ലക്ഷണങ്ങൾ മാത്രമുളളവർക്കും ആദ്യപോസിറ്റീവ് ഫലം വന്ന് 10 ദിവസത്തിന് ശേഷം ആന്റിജൻ ടെസ്റ്റ് നടത്തും. കാര്യമായ രോഗലക്ഷണങ്ങളുളളവരെ ആദ്യ പോസിറ്റീവ് ഫലം വന്ന് 14 ദിവസത്തിന് ശേഷമാകും ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുക.

പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ആശുപത്രി വിടാം. എന്നാൽ, ഒരാഴ്ച സമ്പർക്ക വിലക്കിൽ തുടരേണ്ടതുണ്ട്. സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. ഇവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ നിഷ്‌കർഷിക്കുന്നതാണ് മാർഗനിർദേശം. മടങ്ങി എത്തുന്നവരെ കൂട്ടത്തോടെ പാർപ്പിക്കാൻ ആവില്ല. അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുള്ളതും വായു സഞ്ചാരമുള്ളതുമായ ഒരു മുറിയിൽ ഒരാളെ മാത്രമേ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കാവൂ. ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുന്ന ദിവസം കൊവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതാണ്. തൊഴിലുടമകളോ, ഏജന്റുമാരോ ആണ് ഇവരെ എത്തിക്കുന്നതെങ്കിൽ ഇവർക്കുള്ള ഭക്ഷണവും, നിരീക്ഷത്തിൽ കഴിയാനുള്ള താമസ സൗകര്യവും അവർ തന്നെ ഏർപ്പെടുത്തണം. പരിശോധനകൾക്കുള്ള ചെലവും തൊഴിലുടമകളോ, ഏജന്റോ തന്നെ വഹിക്കണം. ഇതര സംസ്ഥാന തൊഴിലാളികൾ നേരിട്ടാണ് എത്തുന്നതെങ്കിൽ ക്വാറന്റീൻ സംവിധാനമുൾപ്പെടെ സ്വയം കണ്ടെത്തുകയും പരിശോധനാ ചെലവ് സ്വയം വഹിക്കുകയും വേണം. മാർഗനിർദേശം ലംഘിക്കുന്ന തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും എതിരെ കർശന നടപടിയുമുണ്ടാകും.

Story Highlights Coronavirus, covid protocol

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top